കള്ളന്മാരെയാണോ നമ്മൾ കാവൽ ഏൽപ്പിക്കുന്നത്???

സത്യത്തിന്റെ കാവൽഭടന്മാരാണ് പോലീസുകാർ. അനീതിക്കെതിരെയും
അക്രമത്തിനെതിരെയും പട പൊരുതുന്നവർ. പക്ഷേ,എല്ലാ പോലീസുകാരും അങ്ങനെയാണോ? പാറശ്ശാലയിലെ ശ്രീജീവിന്റെ മരണം ആത്മഹത്യയായിരുന്നെന്ന് പോലീസ് പറയുന്നത് സത്യമാണോ? അന്വേഷണവഴികളിലൂടെ ഒരിക്കൽ കൂടി…..
വീടിനു സമീപത്തുള്ള ഒരു പെൺകുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായിരുന്നു. അവളുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചു. വിവാഹദിവസത്തിന് 10 ദിവസം മുമ്പ് പെൺകുട്ടിയുടെ ബന്ധുവായ പോലീസുകാരൻ കള്ളക്കേസുണ്ടാക്കി ശ്രീജിവിനെ കുടുക്കുകയായിരുന്നു.ഒരു പെറ്റിക്കേസുണ്ടെന്നും പോലീസ് സ്‌റ്റേഷനിലെത്തി ഫൈൻ അടയ്ക്കണമെന്നും പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.
എട്ടാം ദിവസം വീട്ടിലെത്തിയ പോലീസുകാരൻ പറഞ്ഞാണ് ശീജീവ് ആത്മഹത്യക്ക് ശ്രമിച്ചെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും വീട്ടുകാർ അറിയുന്നത്. ഉടൻ തന്നെ സഹോദരനും സുഹൃത്തും കൂടി പോലീസ് സ്‌റ്റേഷനിലെത്തി വിവരം അന്വേഷിച്ചു. അവരെക്കൊണ്ട് തിടുക്കപ്പെട്ട് ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പ് ഇടുവിക്കുകയാണ് പോലീസ് ചെയ്തത്.തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. അവിടെ കണ്ട കാഴ്ച എന്തായിരുന്നെന്ന് ശ്രീജിത്ത് പറയുന്നതിങ്ങനെ
ശ്രീജിവിന്റെ കയ്യും കാലും കെട്ടി കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. ഓക്‌സിജൻ മാസ്‌കും വച്ചിട്ടുണ്ടായിരുന്നു. ഏഴോ എട്ടോ പോലീസുകാർ ചുറ്റും കൂടിനിൽപ്പുണ്ടായിരുന്നു.ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. പക്ഷേ,അടുത്തിരിക്കുന്ന ഓക്‌സിജൻ സിലിണ്ടറിലേക്ക് നോക്കി എന്നോട് എന്തോ പറയാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.അവർ അവനെ കൊല്ലുകയായിരുന്നു ചികിത്സയുടെ പേരും പറഞ്ഞ്. എന്നിട്ട് ആത്മഹത്യയാണെന്ന് വളരെ വിദഗ്ധമായി എല്ലാവരെയും വിശ്വസിപ്പിച്ചു.
2013ൽ നടന്നു എന്ന് പറയപ്പെടുന്ന മൊബൈൽ മോഷണത്തിന്റെ പേരിലാണ് 2014 മെയ് 12ന് രാത്രി 10മണിയോടെ എസ്‌ഐയും എ എസ്‌ഐയും അടങ്ങുന്ന പോലീസ് സംഘം വീട്ടിലെത്തി ശ്രീജീവിനെ കൂട്ടിക്കൊണ്ടുപോവുന്നത്.പോലീസ് മർദ്ദനത്തിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്ന ശ്രീജിത്തിന്റെ സംശയം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു.സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് ഡോ കെ നാരായണക്കുറുപ്പ് നീതി ലഭ്യമാക്കാൻ ഈ കുടുംബത്തിനൊപ്പം നിന്നു. ഫ്യുരിഡാൻ കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്ന പോലീസ് വാദം പൊളിച്ചടുക്കിയത് എങ്ങനെയെന്ന് അദ്ദേഹം പറയുന്നു.
ശ്രീജീവ് ഫ്യുരിഡാൻ കഴിച്ചു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ,ഒരു വ്യക്തിയുടെ മരണത്തിലേക്ക് നയിക്കാൻ മാത്രം പര്യാപ്തമായ അളവിൽ ഫ്യൂരിഡാൻ ആ ചെറുപ്പക്കാരന് എങ്ങനെ കിട്ടി.അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അതിൽ ഒളിപ്പിക്കാവുന്ന അളവിലുള്ള ഫ്യുരിഡാൻ ഒരു പരിധിയില്ലേ,അത്രയും കഴിച്ചാൽ മരണം സംഭവിക്കില്ലായിരുന്നു. മറ്റൊന്ന് ലോക്കപ്പിലാക്കും മുമ്പുള്ള ദേഹപരിശോധനയിൽ ഇത് പോലീസ് കണ്ടെത്തിയില്ലേ എന്നതായിരുന്നു.
ഫ്യുരിഡാൻ കഴിച്ചെന്ന് പറഞ്ഞാണ് ശ്രീജിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്യുരിഡാനുള്ള മറുമരുന്ന് എന്ന നിലയിൽ അഡ്രോപിൻ നല്കുകയാണ് ഡോക്ടർമാർ ആദ്യം ചെയ്തത്. പോലീസ് മർദ്ദനമേറ്റ് അവശനിലിലായിരുന്നു ശ്രീജീവ്. മസിൽ ഇഞ്ചുറിയും കൂടിയ അളവിലുള്ള അഡ്രോപിൻ ശരീരത്തെത്തിയതുമായിരുന്നു മരണകാരണം.
തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാൻ ആറ്റിങ്ങലിൽ ശ്രീജീവ് താമസിച്ച മുറിയിൽ നിന്ന് കണ്ടെടുത്തതെന്ന പേരിൽ ഒരു ആത്മഹത്യക്കുറിപ്പ് പോലീസ് സമർപ്പിച്ചു. എന്നാൽ,അതിലെ കൈയ്യക്ഷരം ശ്രീജീവിന്റേതല്ലെന്ന് തെളിഞ്ഞു.അറസ്റ്റ് ചെയ്ത അന്ന് പാതിരാത്രി മുതൽ ശ്രീജീവിനെ അതിക്രൂരമായി പോലീസ് മർദ്ദിയ്ക്കുകയായിരുന്നു. കസ്റ്റഡി മർദ്ദനമാണ് മരണകാരണമെന്നും പോലീസ് കംപഌയിന്റ്‌സ് അതോറിറ്റിയുടെ അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ കുറ്റക്കാർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ശ്രീജീവിന്റെ കുടുംബത്തിന്റെ ആവശ്യം.സ്വന്തം മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണീരിന്റെ വില എന്താണെന്ന് കുറ്റം ചെയ്തവർ അറിയണമെന്ന് ശ്രീജീവിന്റെ അമ്മ പറയുന്നു.
എന്റെ കുഞ്ഞിനെ തിരികെത്തരാൻ ആർക്കും കഴിയില്ല. നിയമത്തിനോ കോടതിക്കോ ഒന്നും. പക്ഷേ,അവനെ ഇല്ലാതാക്കിയവർ നിയമത്തിനു മുന്നിൽ വരണം,അവർക്ക് ശിക്ഷ ലഭികകണം. കോടതികളിൽ കേസുമായി പോവാനുള്ള സാമ്പത്തകിമൊന്നും ഞങ്ങൾക്കില്ല,പക്ഷേ ജസ്റ്റിസ് നാരായണക്കുറുപ്പ് സാർ ഞങ്ങളോടൊപ്പമുണ്ട്. സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം ഒപ്പം നിന്നു. ആ വലിയ മനസ്സ് അ്‌ദ്ദേഹത്തിന് ഒരുപാട് ആയുസ്സ് നീട്ടിക്കൊടുക്കട്ടെ എന്നാണ് ഞങ്ങൾ പ്രാർഥിക്കുന്നത്. അത്രയ്ക്ക് നല്ല മനുഷ്യനാണ് അദ്ദേഹം.
കുറ്റവാളികൾ നിയമത്തിനു മുന്നിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ശ്രീജീവിന്റെ ആത്മാവിന് ശാന്തി ലഭിക്കൂ എന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. ശ്രീജീവിന്റെ ജീവിതം ഇല്ലാതാക്കിയവർ സമൂഹത്തിനു മുന്നിൽ ഇപ്പോഴും മാന്യരായി തുടരുകയാണെന്നോർക്കണം. നീതിയുടെ കാവലാൾ ആകേണ്ടവർ തന്നെ നീതിനിഷേധത്തിന് കുടപിടിക്കുന്ന കുറ്റവാളികൾ ആവുന്നത് എന്തു മാത്രം വിരോധാഭാസമാണ്!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here