Advertisement

അടിച്ച് തകർക്കണം; സ്ഥാപനങ്ങളെയല്ല; സമ്പ്രദായങ്ങളെ

January 14, 2017
1 minute Read
Thiruth
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിലൂടെ സ്വാശ്രയ വിദ്യാഭ്യാസ മേഖല വീണ്ടും കലുഷിതമാകുകയും , ഇത്തരം കോളേജുകളിൽനിന്നുള്ള സുഖകരമല്ലാത്ത വാർത്തകൾ ഇടതടവില്ലാതെ പുറത്തു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു മരണമോ, ആതമഹത്യയോ സമൂഹത്തിൽ സൃഷ്ടിക്കുന്ന നടുക്കത്തിന്റെ സ്വാഭാവികമായ അനുരണനങ്ങൾ കൊണ്ട് അവസാനിക്കേണ്ടതാണോ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സങ്കീർണ്ണമായിക്കഴിഞ്ഞ വർത്തമാന കാല യാഥാർത്ഥ്യങ്ങൾ ?

കേരളത്തിന് പുറത്തുള്ള സ്വകാര്യ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുത്തൊഴുക്ക് നടന്നിരുന്ന എൺപതുകളിലും, തൊണ്ണൂറുകളിലും , അവിടെ മലയാളി വിദ്യാർത്ഥികൾ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും , കോളേജ് മുതലാളിമാരുടെ അധോലോക ബന്ധങ്ങളെക്കുറിച്ചും വേവലാതിയോടെയും, അതിലേറെ നിസ്സാഹായതയോടെയും നമ്മൾ ചർച്ച ചെയ്തു.

തൊണ്ണൂറുകളുടെ ഒടുക്കത്തിൽ, കർണാടകത്തിലെ പ്രൊഫഷണൽ കോളേജിൽ കൊല്ലപ്പെട്ട ആര്യ എന്ന പെൺകുട്ടിയും, അവൾക്ക് നീതി ലഭിക്കണമെന്ന് യാചിച്ച അച്ഛനും നമുക്ക് വിങ്ങലുണ്ടാക്കുന്ന കാഴ്ചയായിരുന്നു. വെളിപ്പെടാതെ പോയ ആ പീഡന കഥയിലെ വില്ലൻ കോളേജുടമയുടെ മകനാണെന്ന് അറിഞ്ഞിട്ടും ആ അച്ഛനും, മകൾക്കും നീതി ലഭിച്ചില്ല.

കാലം മാറുകയും, അന്യ സംസ്ഥാനങ്ങളിലേക്കൊഴുകിയ ക്യാപ്പിറ്റേഷൻ പണവും, വിദ്യാർത്ഥികളും കേരളത്തിലെ പുതിയ വ്യവസായ മൂലധനമായി മാറുവാൻ സാഹചര്യമൊരുങ്ങുകയും ചെയ്തു. കടുത്ത എതിർപ്പുകൾക്കിടയിലും രണ്ട് സ്വാശ്രയമെന്നാൽ ഒരു സർക്കാർ എന്ന വിശുദ്ധ വചനത്തോടൊപ്പം ചേർത്തു വച്ച് ആന്റണി ഗവൺമെന്റ് സ്വാശ്രയ/പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാട്ടി. ഓരോ വർഷവും കേസുകളും പ്രക്ഷോഭങ്ങളുമായി പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം വിവാദങ്ങളിലിടം പിടിച്ചു. രജനി എസ്.ആനന്ദിൽ നിന്നാരംഭിച്ച സ്വാശ്രയക്കൊലകൾ ഇപ്പോൾ ജിഷ്ണുവിൽ ചെന്നെത്തി നിൽക്കുന്നു .

തലവരി പണം, ഫീസ് ഘടന, മാനേജ്‌മെന്റ് സീറ്റ് എന്നിങ്ങനെ വിവാദ വിഷയങ്ങൾ പതിവ് തെറ്റിക്കാതെ തുടരുന്നു. എൽഡിഎഫിലേക്കും, യുഡിഎഫിലേക്കും ഭരണം മാറി മറിഞ്ഞെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ വർധനവിൽ മാറ്റമുണ്ടായില്ല.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പതിന്മടങ്ങ് വളർച്ചയാണ് സ്വാശ്രയ സ്ഥാപനങ്ങൾക്ക് ഉണ്ടായത്. കേരളത്തിലെ 86 എൻജിനീയറിംഗ് കോളേജുകളിൽ 15 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. 19 മെഡിക്കൽ കോളേജുകളിൽ ആറെണ്ണം മാത്രവും. മറ്റെല്ലാ പ്രൊഫഷണൽ മേഖലകളിലും സ്വാശ്രയ മേധാവിത്വം ഉറപ്പാക്കി കഴിഞ്ഞു.

കോളേജുകൾ അനുവദിക്കുന്നതിലോ മാനേജ്‌മെന്റുകളെ വരുതിയ്ക്ക് നിർത്തുന്നതിലോ, നമ്മുടെ സർക്കാറുകൾ വ്യക്തമായ ഇച്ഛാശക്തി പ്രകടിപ്പിച്ചില്ല.

കേവലം, ഫീസ്-സീറ്റ്‌ ഘടനകളെക്കുറിച്ചുള്ള ചർച്ചകളിലും തീരുമാനങ്ങളിലും മാത്രമായി ഒതുങ്ങി സർക്കാരിന്റെ ഭാഗം. അതും കൊലക്കൊമ്പന്മാരായ സാമുദായിക വ്യാവസായിക മുതലാളിമാർക്ക് മുന്നിൽ മുട്ടിടിച്ച് കൊക്കൊള്ളുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് വശംവദരായിക്കൊണ്ട് …. അന്യ സംസ്ഥാനങ്ങളിലെ മാർവാടി അധോലോക വിദ്യാഭ്യാസ മുതലാളിമാരുടെ കച്ചവട പാരമ്പര്യം പകർന്നുകിട്ടിയവരും അവരുടെ ശൃംഘലയിൽ വിദ്യാഭ്യാസക്കച്ചവടം ഉറപ്പിച്ചു. ശിഷ്ടമുള്ളവരാകട്ടെ സമുദായ ശക്തിയുടെ ഉമ്മാക്കികാട്ടി ഭരിക്കുന്നവരെ വിറപ്പിച്ചു.കോടതികളിൽ തോൽവികൾ ഏറ്റുവാങ്ങിക്കൊണ്ട് സർക്കാർ സ്വാശ്രയ കച്ചവടക്കാരുടെ അപ്രമാദിത്വത്തെ ഊട്ടി വളർത്തി .

ഉയർന്ന ഫീസും, വമ്പൻ കെട്ടിടങ്ങളും മുഖമുദ്രയാക്കിയ സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾ നഷ്ടമാക്കിയത് സാമൂഹിക നീതിയുടെയും വിദ്യാഭ്യാസ അവകാശങ്ങളുടെയും പ്രാഥമികമായ പാഠങ്ങളെയാണ്. പണത്തിന് പകരം ബിരുദമെന്ന കച്ചവടം നടക്കുന്നിടത്ത് വിദ്യാർത്ഥി വർഗ്ഗം തുടർച്ചയായ അവഹേളനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതിന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഫാക്ടറി ഉത്പന്നങ്ങളായി ബിരുദധാരികൾ പുറത്തുവരുന്നതിന്റെ വാർഷികക്കണക്കുകളിൽ ഊറ്റം കൊള്ളുകയല്ല മറിച്ച് കൃത്യമായ സാമൂഹിക ഓഡിറ്റിംഗിലൂടെ പഠനക്രമത്തെ വിലയിരുത്തി, അർഹരായവർ മാത്രം ബിരുദധാരികളാകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ തിരികെ കൊണ്ടവരുകയാണ് വേണ്ടത്.

സ്വാശ്രയ മാനേജ്‌മെന്റ് എന്ന ബിസിനസ്സ് കോൺഫഡറേഷന്റെ ഭീഷണികളെ മറികടന്ന് ഗുണനിലവാര പരീക്ഷകളിൽ തോറ്റുപോകുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ താഴിട്ടു പൂട്ടുവാനുള്ള ഇച്ഛാശക്തി നമ്മുടെ ഭരണവർഗ്ഗത്തിനുണ്ടാകണം.

അത്തരമൊരു ധീരമായ കാൽവയ്പ്പിന് അനുയോജ്യമാണ് ഇന്നത്തെ സാഹചര്യം. ഭരിക്കുന്നവർ സ്വന്തം അധികാരവ്യാപ്തിയെ തിരിച്ചറിയുകയും, അടിച്ചു തകർക്കേണ്ടത് തകർക്കുകയും ചെയ്താൽ, സ്വാശ്രയാധിപത്യത്തിൽ നിന്ന് കേരളത്തിന്റെ മോചനം ഉറപ്പാക്കാം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement