Advertisement

ലോ അക്കാദമി സമരം; പിന്നാമ്പുറത്തെ സത്യങ്ങൾ

February 8, 2017
Google News 3 minutes Read
അരവിന്ദ് വി / രാഷ്ട്രീയാവലോകനം

ലോ അക്കാദമി സമരം ആരും ജയിക്കാതെയും ആരും തോൽക്കാതെയും ഒരു കടലാസിലെ കുറെ ഒപ്പുകളുടെ ആശ്വാസത്തിൽ ഒത്തു തീരുമ്പോൾ രാഷ്ട്രീയ നേട്ടങ്ങളുടെ ബാലൻസ് ഷീറ്റ് തയ്യാറാക്കുകയാണ് പാർട്ടി ഓഫീസുകൾ. സമരത്തിന്റെ ഒടുവിൽ സർക്കാരിനും എസ് എഫ് ഐക്കും തങ്ങളുടെ ഇമേജിൽ നേരിട്ട ഇടിവ് നികത്താനാവും അവരുടെ ശ്രമം. പട്ടിണി കിടന്നത് ബി ജെ പിയും കെ മുരളീധരൻ എന്ന സ്ഥലം എം എൽ എ യും ആണെങ്കിലും , പ്രസ്താവനകളും ചാനൽ ചർച്ചകളും കൊണ്ട് സി പി ഐ അൽപ്പം ലാഭമുണ്ടാക്കി എന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തപ്പെടുന്നതിൽ തെറ്റില്ല. സമരം പര്യവസാനിപ്പിച്ച ഖ്യാതിയും സി പി ഐ ക്കു ചാർത്തിക്കിട്ടും. പക്ഷെ സമരം ഒറ്റ രാത്രിയിൽ അവസാനിച്ചു പോയതിന്റെ പിന്നാമ്പുറക്കഥകൾ കൂടി ജനം അറിയണം.

ദേവികയും ജനയുഗവും വരുത്തിയ വിന

”ചരിത്രത്തിന്റെ അന്തർധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതിൽ വിപ്ലവ കേരളത്തിന്‌ മഹാദുഃഖമുണ്ട്‌. ആ ദുഃഖത്തിന്‌ നീതിനിരാസത്തിൽ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്‌.” പിണറായി വിജയനെ നേരിട്ടാക്രമിക്കുന്ന ജനയുഗം ലേഖനം ഇങ്ങനെയാണ് പുരോഗമിക്കുന്നത്.  സി പി ഐയുടെ ജനയുഗം പത്രത്തിൽ പിണറായി വിജയനെ കടന്നാക്രമിച്ച ഇത്തരം രണ്ടു ലേഖനങ്ങൾ വന്നതോടെ സി പി എം കേന്ദ്രങ്ങൾ രാഷ്ട്രീയമായി ഉണർന്നു. ഒരേ മുന്നണിയിൽ തുടർന്ന് മന്ത്രിസ്ഥാനങ്ങൾ അടക്കം എല്ലാം പങ്കിടുന്ന സി പി ഐ എന്തടിസ്ഥാനത്തിലാണ് പാർട്ടിപത്രത്തിൽ ഇത്തരം അവഹേളനങ്ങൾ നടത്തുന്നതെന്ന ഉറച്ച ചോദ്യത്തിൽ പതറിപ്പോയ പന്ന്യൻ ഫെബ്രുവരി 7 നു രാത്രി ഒറ്റ ഓട്ടത്തിൽ എ കെ ജി സെന്ററിൽ എത്തി.

കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സി പി എം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന കടുത്ത നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും , പിന്നിൽ നിന്നും സമരം ‘സ്പോൺസർ ചെയ്തു ‘ നയിക്കുന്നവർ പാർട്ടിയുടെയും ഇടതു ചേരിയുടെയും ശത്രുക്കൾ ആണെന്നും അവരുമായി സന്ധിയില്ലന്നും ഉറപ്പിച്ചു പറഞ്ഞു. ഇടതു പക്ഷം അതിന്റെ കെട്ടുറപ്പിൽ പുനഃസ്ഥാപിക്കപ്പെടുന്നതിൽ എ ഐ എസ് എഫ് തടസ്സമായാൽ സി പി എം ഈ വിഷയം രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.

kanam rajendran pinarayi

സുനിൽ കുമാർ മന്ത്രിയും മന്ത്രിസഭയുടെ തലവൻ പിണറായിയും

ഫെബ്രുവരി 7 നു രാത്രി വി എസ് സുനിൽകുമാർ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കാനം രാജേന്ദ്രന്റെ കർശന നിർദേശം ഉണ്ടെന്ന് സുനിൽ മന്ത്രി മുഖ്യനെ അറിയിച്ചു. വിദ്യാർത്ഥികളുടെ സമരം ഒത്തു തീരും എന്ന ഉറപ്പ് നൽകുക മാത്രമായിരുന്നു വി എസ് സുനിൽകുമാറിന്റെ ദൗത്യം. എങ്ങനെ എന്ന് മുഖ്യമന്ത്രി ചോദിച്ചില്ല. കൃഷി മന്ത്രി പറഞ്ഞുമില്ല. വിദ്യാഭ്യാസമന്ത്രിയെ ഇടപെടുത്തി മതി അവസാന തീരുമാനം എന്ന മുഖ്യമന്ത്രിയുടെ ഉത്തരവിൽ ആ സംഭാഷണം അവസാനിച്ചു.

”ഇനി ഞങ്ങളെ വച്ച് ആരും കളിക്കേണ്ട..”

ഫെബ്രുവരി 7 വൈകിട്ട് സമരപ്പന്തലിൽ കുട്ടികളാകെ അങ്കലാപ്പിലായിരുന്നു. പകൽ മുതൽക്കു തന്നെ സമരം തങ്ങളുടെ കൈവിട്ടു പറക്കുന്നതിന്റെ ആശങ്കയിലായിരുന്നു അവരെല്ലാവരും. അപ്പോഴാണ് അവരുടെ മുന്നിൽ ജീവനെ പന്തയപ്പണ്ടമാക്കി നടന്ന സമരം അരങ്ങേറിയത്. സമരമെന്നത് ജീവിതത്തിലെ ആദ്യാനുഭവം ആയിരുന്ന പെൺകുട്ടികളിലേറെപ്പേരും അന്നാദ്യമായി അതിന്റെ ചൂടറിഞ്ഞു. സിനിമകളിൽ മാത്രം കണ്ട സന്ദർഭങ്ങൾ അടുത്തു കണ്ടു. പെട്രോൾ തലയിലേക്ക് പകർന്ന് തീ കൊളുത്താൻ നിന്നവർ ആ തീ കോരിയിട്ടത് പഠിച്ചും പേടിച്ചും മാത്രം ശീലമുള്ള കുട്ടികളുടെ മനസ്സുകളിലേക്കായിരുന്നു.

കലാപം ഒട്ടൊന്നടങ്ങി ശാന്തമായ അന്തരീക്ഷത്തിലാണ് അവർ ആ വാർത്ത കേട്ടത്. സമരത്തിന് ഒരു രക്തസാക്ഷി ഉണ്ടായിരിക്കുന്നു. സമരം ചെയ്തവരൊക്കെ അതിന്റെ കാരണക്കാർ ആയിമാറിയേക്കാം. കുഴഞ്ഞു വീണു മരിച്ച ഒരു പാവം മനുഷ്യൻ മുരളീധരനും വി വി രാജേഷിനും ‘രക്തസാക്ഷികൾ’ ആയതോടെ കുട്ടികളുടെ മട്ടുമാറി. ”ഇനി ഞങ്ങളെ വച്ച് ആരും കളിക്കേണ്ട..” എന്നവർ തുറന്നടിച്ചു. രാത്രിയിൽ ചാനൽ ചർച്ചകൾ കൊഴുപ്പിക്കാൻ കൂട്ടികൊണ്ടു പോകാൻ കാത്തുനിന്നവരോട് വണ്ടി വിട്ടു പോകാൻ കുട്ടികൾ പറഞ്ഞു. മരണം ആഘോഷമാക്കാൻ ആ രാത്രി ചാനലുകൾക്ക് കഴിയാതെ പോയതിന്റെ കാരണം ഇനി തിരയേണ്ട.

കാനം, നാരായണൻ നായരെ കണ്ട കാര്യം

കാനത്തെ കാണാൻ എം എൻ സ്മാരകത്തിലെത്തിയ നാരായണൻ നായരെ പേടിപ്പിച്ചു വിട്ടു, വിരട്ടി എന്നൊക്കെ ബിംബവൽക്കരണം കൊട്ടേഷൻ എടുത്ത ചില മാധ്യമങ്ങൾ എഴുതിത്തള്ളിയതൊക്കെ പച്ചക്കളമാണെന്ന് കാനത്തെ അറിയുന്നവർക്കറിയാം. എസ് എഫ് ഐയുമായി  മാത്രം ധാരണ ഉണ്ടാക്കിയത് തെറ്റായിപ്പോയി എന്നും കാര്യങ്ങൾ തന്റെ കയ്യിൽ മാത്രം തീരില്ല എന്നും കാനം നാരായണൻ നായരെ ധരിപ്പിച്ചു എന്നത് സത്യം. പക്ഷെ അതിന്റെ ഭാഷ ഒരു അധ്യാപകനോട് പ്രയോഗിക്കേണ്ടതിന്റെ അങ്ങേയറ്റം ആയിരുന്നു എന്ന് സി പി ഐ കേന്ദ്രങ്ങൾ പറഞ്ഞത് മാത്രം വർത്തയായില്ല. പിറ്റേന്ന് കിട്ടിയ വീരപരിവേഷം വേണ്ടെന്നു വയ്ക്കാൻ കാനം അത്ര മണ്ടനുമല്ലല്ലോ… പക്ഷെ , താൻ സി പി ഐ എന്ന സംഘടനയ്ക്കും അതിലെ യുവജന വിഭാഗങ്ങൾക്കും നൽകിയ സഹായങ്ങൾ വിസ്മരിക്കരുതെന്ന് ബാർഗെയ്ൻ ചെയ്യാൻ നാരായണൻ നായർ ഏഴാം  തീയതി രാത്രി തന്നെ വി എസ് സുനിൽകുമാറിനെയും നിരവധി സി പി ഐ നേതാക്കളെയും ബന്ധപ്പെട്ടു. ( നയവും ഭീഷണിയും രണ്ടു വശങ്ങളിലുള്ള ഒരു നാണയം ആണ് ഡോ.എൻ. നാരായണൻ നായർ എന്ന് കൂട്ടിവായിക്കണം. )

രാത്രി തന്നെ കാനം രാജേന്ദ്രന്റെ നിർദേശത്തിൽ വി എസ് സുനിൽകുമാർ സമരം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ നേട്ടമാക്കാൻ കൂടി വേണ്ടതെല്ലാം സി പി ഐ തയ്യാറാക്കി. രാജി എന്ന വാക്കില്‍ പിടിച്ചു തൂങ്ങേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

ഷാജഹാനും ചാമക്കാലയും സിൻഡിക്കേറ്റും

മുഖ്യമന്ത്രിയാകും മുൻപ് , സി പി എമ്മിലെ കരുത്തനായിരുന്ന കാലത്ത് കെ എം ഷാജഹാൻ എന്ന പേര് കേട്ടാൽ തന്നെ പിണറായി വിജയൻ കലിതുള്ളുമായിരുന്നു. അതിനു കൃത്യമായ കാരണവും ഉണ്ടായിരുന്നു. വി എസ് അച്യുതാനന്ദൻ ജനങ്ങളുടെ മനസ്സിൽ ഹീറോയാവുകയും അതെ വേഗതയിലോ അതിലേറെയോ ആഴത്തിൽ പിണറായി വില്ലനാവുകയും ചെയ്ത കാലം. അതിനു പിന്നിൽ പ്രവർത്തിച്ചത് കെ എം ഷാജഹാൻ ആയിരുന്നു. അന്ന് ഒടുവിൽ പൊട്ടിത്തെറിച്ചു പോയി പിണറായി. വി എസ് അച്ചുതാനന്ദനെ ബിംബവൽക്കരിക്കുന്ന തലസ്ഥാനത്തെ ഷാജഹാന്റെ മാധ്യമ വലയത്തെ തുറന്നെതിർത്തു പിണറായി. പലതവണ ലാവലിൻ കേസ് ഒരു കുടത്തിൽ നിന്നെന്ന പോലെ പുറത്തു വിട്ടും അടച്ചും ഷാജഹാനും മാധ്യമങ്ങളും പിണറായി വിജയനെ വേട്ടയാടി. ”മാധ്യമ സിൻഡിക്കേറ്റ്” എന്ന് പലതവണ വിളിച്ചു പറഞ്ഞെതിർത്തു നിന്ന അതെ പിണറായി ഒരിക്കൽ കൂടി ആ കൂട്ടുകെട്ടിനെ കണ്ടത് ലോ അക്കാദമി സമരത്തിലാണ്.

ഷാജഹാൻ തയ്യാറാക്കി നൽകുന്ന തിരക്കഥയിലാണ് ലോ അക്കാദമി സമരം അരങ്ങേറിയതെന്ന് പിണറായി വിജയൻ ആദ്യം മുതൽ തന്നെ ഉറപ്പിച്ചു. രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് സമരം ഭൂമി പ്രശ്നമാക്കി വളർത്താൻ ഷാജഹാൻ നേരിട്ട് തന്നെ ചാനലുകളിൽ എത്തിയതോടെ പിണറായി വിജയനും സമരത്തെ നേരിട്ട് തന്നെ നേരിടാൻ ഒരുങ്ങി. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന വിവരങ്ങൾ നൽകി ഷാജഹാൻ വളർത്തിയെടുക്കുന്ന മാധ്യമപ്രവർത്തകർ സമരത്തെ ആളിക്കത്തിക്കാൻ ജ്യോതികുമാർ ചാമക്കാലയ്‌ക്കൊപ്പം രംഗത്തെത്തിയതോടെ സി പി എമ്മിന്റെ കൂടി പ്രശ്നമായി ലോ അക്കാദമി സമരം മാറി. കേരളാ സിണ്ടിക്കേറ്റിലെ സി പി എമ്മിന്റെ കണ്ണിലെ കരടാണ് ജ്യോതികുമാർ ചാമക്കാല. നാരായണൻ നായരോ ലക്ഷ്മിയോ ലോ അക്കാദമിയോ സമരം ചെയ്യുന്ന കുട്ടികളോ ആയിരുന്നില്ല സി പി എമ്മിന്റെ പ്രശ്നം. സമരത്തെ പിന്നിൽ നിന്നും നയിച്ച പിണറായിയുടെ പഴയ ശത്രു നിരയായിരുന്നു. അത് തികച്ചും രാഷ്ട്രീയം ആയിരുന്നു.

പക്ഷെ , സി പി എം പാളിപ്പോയത് ഈ വിഷയത്തിലെ രാഷ്ട്രീയത്തിനും മുകളിൽ നിലനിന്ന പൊതു വിഷയങ്ങളെ മൂടിവയ്ക്കാൻ ശ്രമിച്ചു എന്നതിലാണ്. സമരം ഒരർത്ഥത്തിൽ പിടിച്ചു കെട്ടിയ എസ് എഫ് ഐ മടങ്ങിയെത്തി മറ്റു സംഘടനകളെ കൂടി വിശ്വാസത്തിലെടുക്കാനുള്ള തന്ത്രം മെനയുന്നതിനു പകരം സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതും വീഴ്ചയായി. എസ് എഫ് ഐ ഉണ്ടാക്കിയെടുത്ത കരാറിൽ കുറെ ഒപ്പുകൾ – അതിൽ വിദ്യാഭ്യാസ മന്ത്രിയും , എസ് എഫ് ഐ തന്നെയും ഉണ്ട് – കൂടി ചേർക്കപ്പെട്ടതിന്റെ ആനുകൂല്യം മുഴുവനും മറ്റു സംഘടനകൾ കൂടി പങ്കു വയ്ക്കുമ്പോൾ വരുന്ന ലോ അക്കാദമി യൂണിയൻ തെരഞ്ഞെടുപ്പാണ് ശരിക്കും അഗ്നിപരീക്ഷ ; സി പി എമ്മിനും എസ് എഫ് ഐക്കും !

LAW ACADEMY, what happened at 7 February night , law college , cpi, cpm, sfi , aisf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here