നിയമസഭയുടെ വജ്രജൂബിലി ആഘോഷം മഹാരാജാസില്‍

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. നവംബര്‍ 6, 7 തീയതികളില്‍ ആണ് പരിപാടി. ഉദ്ഘാടനം നവംബർ 6 നു എറണാകുളം മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാര്‍, ഡിബേറ്റ് മത്സരം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയും ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നിയമസഭ മ്യൂസിയം പ്രദര്‍ശനവും ഫിസിക്‌സ് ഗ്യാലറിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനകീയസമിതി രൂപീകരണ യോഗത്തില്‍ വിപലുമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.
കേരള നിയമസഭയുടെയും ജില്ല ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ആറിന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കും. ജില്ലയിലെ എംഎല്‍എമാര്‍, പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളത്തിനു ശേഷം കൊച്ചി-തിരുകൊച്ചി നിയസഭയില്‍ അംഗങ്ങളായിരുന്നവരടക്കം മണ്‍മറഞ്ഞുപോയ പ്രമുഖ നിയമസഭ സാമാജികര്‍ക്ക് സ്മരണാഞ്ജലിയും ജീവിച്ചിരിക്കുന്ന പ്രമുഖ മുന്‍ സാമാജികര്‍ക്ക് സ്‌നേഹാദരങ്ങളും അര്‍പ്പിക്കും.
ഉച്ചയ്ക്ക് ശേഷം മൂന്നിന് വ്യാവസായിക നിയമങ്ങള്‍ കേരള സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വ്യവസായ മന്ത്രി, പ്രമുഖ വ്യാവസായിക നേതാക്കള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ കലോത്സവ വിജയികളായ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.