സുബിന് ഇനി വേണ്ടത് പ്രാര്‍ത്ഥനയും, സുമനസുകളുടെ സഹായവും

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയുവാവ് ചികിത്സാ സഹായം തേടുന്നു. കടയ്ക്കാവൂര്‍ കരിങ്ങോട്ട് വീട്ടില്‍ സുബിനാണ് അനന്തപുരി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കടയ്ക്കാവൂര്‍ കരിങ്ങോട്ട് വീട്ടില്‍ സുബിന്റെ ജീവനേയും, സുബിനെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തേയും തകര്‍ത്തെറിഞ്ഞ അപകടം ഉണ്ടായത്. ബൈക്ക് അപകടത്തില്‍ മാരകമായി പരിക്കേറ്റത് മാത്രമല്ല ആ കുടുംബത്തെ പിടിച്ച് ഉലച്ചത്, സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ട് ആതുരസേവനത്തിനായി നിയോഗിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ അവഗണനയും കൂടിയാണ്. പരിക്കേറ്റ് ചോരവാര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിട്ടും സാധാരണ വാര്‍ഡില്‍ ഡ്രിപ്പിട്ട് കിടത്തിയത് മാത്രമല്ല ആശുപത്രി അധികൃതര്‍ നടത്തിയ ക്രൂരത. അതീവ ഗുരുതരാവസ്ഥയിലായപ്പോള്‍ ശസ്ത്രക്രിയ ചെയ്താല്‍ കിടത്താന്‍ ഐസിയുവോ വെന്റിലേറ്ററോ ഇല്ലെന്ന കാരണം പറഞ്ഞ് നിഷ്കരുണം കൈയ്യൊഴിയുക കൂടി ചെയ്തു അധികൃതര്‍. ജീവന്‍ രക്ഷിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം പ്രകാരം സുബിന്റെ ജീവന്‍ മാത്രം മുന്നില്‍ കണ്ട സുഹൃത്തുക്കള്‍ സുബിനെ അനന്തപുരി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ്സുബിന് അപകടം പറ്റിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുബിനെ സുഹൃത്തുക്കള്‍ ആദ്യം ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാല് മണിയ്ക്ക് മെഡിക്കല്‍ കോളേജിലെത്തിച്ച സുബിനെ പത്ത് മണിക്കൂറോളമാണ് വാര്‍ഡില്‍ കിടത്തിയതെന്ന് സുഹൃത്ത് അര്‍ജ്ജുന്‍ ആരോപിക്കുന്നു. ഇതിനിടെ സുബിന്റെ നില പല തവണ വഷളായി, ഇത് ഡോക്ടറെ അറിയിച്ചപ്പോഴൊക്കെ ഡ്യൂട്ടി നഴ്സ് വന്ന് നോക്കിയിട്ട് പോകുകമാത്രമാണ് ചെയ്തതെന്നും അര്‍ജ്ജുന്‍ പറയുന്നു. പത്ത് മണിക്കൂറിന് ശേഷമാണ് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് സുഹൃത്തുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ജീവന് അപകടം പറ്റാതിരിക്കണമെങ്കില്‍ വേഗം ശസ്ത്രക്രിയ നടത്തണമെന്നും, വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നും അറിയിച്ചു. അപ്പോഴേക്കും സുബിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വാടകയ്ക്ക് എടുത്ത് സുഹൃത്തുക്കള്‍ തന്നെയാണ് അനന്തപുരി ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സിന് കൊടുക്കാനുണ്ടായിരുന്ന കാശ് പോലും സുഹൃത്തുക്കള്‍ പിരിവിട്ടാണ് നല്‍കിയത്. ഏഴ് ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് അനന്തപുരിയിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മേജര്‍ ശസ്ത്രക്രിയ അടക്കം ഒന്നര ലക്ഷത്തോളം രൂപ ഇതിനകം ചെലവായി.
അമ്മയുടെ ചേച്ചിയും ചേച്ചിയുടെ കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സുബിന്‍. സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം സ്വരൂപിച്ചാണ് ഇതുവരെയുള്ള ചികിത്സാ ചിലവുകള്‍ വഹിച്ചത്.സുബിന് ജീവിതത്തിലേക്ക് മടങ്ങി വരണമെങ്കില്‍ ഇനി സുമനസുകള്‍ കനിയണം. പരിക്കില്‍ നിന്ന് മോചിതനായാലും സുബിന് സാധാരണ ജീവിതം നയിക്കാന്‍ കാലതാമസം എടുക്കും. തുടര്‍ ചികിത്സയ്ക്കും മരുന്നിനും മറ്റ് ചിലവുകള്‍ക്കുമായി ഈ കുടുംബത്തിന് വീണ്ടും വലിയൊരു തുക ആവശ്യമായി വരും. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പറിലേക്ക് പണം അയക്കാം. ഒരു ജീവനും, ആ ജീവനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിനും കരുതലിന്റെ തണലൊരുക്കാം.
നിക്ഷേപിക്കാനുളള അക്കൗണ്ട് നമ്പര്‍: അനന്തന്‍ സി.ജി
അക്കൗണ്ട് നമ്പര്‍ 67235303091
എസ്ബിടി മാമം (ആറ്റിങ്ങല്‍ ശാഖ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here