കുടുംബത്തെ പോറ്റാന്‍ വിധിക്ക് മുന്നില്‍ തോറ്റ് കൊടുക്കാതെ സണ്ണി; ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്…

ഏപ്രിൽ 7 മുതൽ 16 വരെ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ശ്രദ്ധേയമായ കാഴ്ചയാണ് സണ്ണി പുനലൂർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും. മേളയിൽ കണ്ടു മറക്കാനുള്ള കാഴ്ചയല്ല സണ്ണിക്ക് ഫെസ്റ്റിവലുകൾ. പോളിയോ വന്ന് ഇരു കാലുകളും തളർന്ന ഭാര്യയും അമ്മയും സണ്ണിയും അടങ്ങുന്ന ഒരു കുടുംബത്തിന്റെ വയർ നിറക്കാനുള്ള ഏക വഴി കൂടിയാണ്. സണ്ണിയുടെ ഓരോ ചിത്രത്തിന് പിന്നിലും അതിജീവനത്തിന്റെ വലിയ ഒരു കഥയുണ്ട്.
പ്രാരാബ്ദങ്ങളുടെ നടുവിൽ ജനിച്ചു വീണ് കുടുംബം പോറ്റാനായി ടവർ നിർമാണം ജീവിത മാർഗമാക്കിയിരുന്ന ആളാണ് സണ്ണി. എന്നാൽ 2005 ഒക്ടോബർ 17 ന് സണ്ണിയുടെ ജീവിതം വിധി തിരുത്തിയെഴുതി. അന്ന് നടന്ന ട്രെയിൻ അപകടത്തിൽ സണ്ണിക്ക് നഷ്ടമായത് രണ്ടു കാലുകളും വലത് കൈയ്യും. അങ്ങനെ സണ്ണിയുടെ ജീവിതം കിടക്കയിലേക്കൊതുങ്ങി. കിടക്കയിലെ ബോറടി മാറ്റാൻ ജീവിതത്തിൽ അന്ന് വരെ കുത്തി വരച്ചിട്ടു പോലുമില്ലാത്ത സണ്ണി വരയ്ക്കാൻ തുടങ്ങിയതാണ്. ദൈവത്തിന്റെ അദൃശ്യ സ്പർശമുള്ള ഇടം കൈ കൊണ്ട് സണ്ണി അതിവേഗം ഒരു ചിത്രകാരനായി. തന്റെ മുന്നിൽ കാണുന്ന കാഴ്ച്ചകളത്രയും സണ്ണിയുടെ ക്യാൻവാസിലെ ചിത്രങ്ങളായി. അധികം വൈകാതെ ആ ചിത്രങ്ങൾ സണ്ണിയുടെ ജീവിത മാർഗമാവുകയായിരുന്നു. ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പോലെയുള്ള അനവധി മേളകളിൽ സണ്ണി താൻ വരച്ച ചിത്രങ്ങളുമായി എത്തി. വെറും സഹാനുഭൂതിയുടെ മുകളിൽ മാത്രമല്ല ചിത്രത്തിന്റെ ഭംഗിയും പൂർണതയും ആ ചിത്രങ്ങളെ കാണികളിലേക്ക് ആകർഷിച്ചു. ഒരു മേളയിൽ നിന്നും കിട്ടുന്ന തുക കൊണ്ടാണ് അടുത്ത മേള വരെ സണ്ണിയും കുടുംബവും കഴിയുന്നത്.
പുനലൂരിലെ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലും സണ്ണിയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഏപ്രിൽ 16 വരെയാണ് മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here