23
Mar 2019
Saturday
100 News

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ സങ്കുചിത താല്‍പര്യക്കാര്‍; കോടിയേരി

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുള്ള പെൺകുഞ്ഞിനെ മൃഗീയമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ ലോകമാകെ ഏക മനസോടെ പ്രതിഷേധിക്കുമ്പോൾ, ചില സങ്കുചിത താൽപ്പര്യക്കാർ അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ പല ഭാഗങ്ങളിലും ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ചില തീവ്രവാദ സംഘടനകൾ ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഹർത്താലിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച് ആൾക്കാരെ കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിൽ സിപിഐ എം പ്രവർത്തകർ കുടുങ്ങിപ്പോകരുത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

കത്വ സംഭവത്തിൽ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെൺകുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സിപിഐ എം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ നിരവധി പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഒരു പ്രതിഷേധ ഹർത്താൽ ആവശ്യമെങ്കിൽ മറ്റ് എല്ലാവരോടും ചർച്ച ചെയ്ത് തീരുമാനിച്ച് സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണ് വേണ്ടത്. അതിന് പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്.

കഴിഞ്ഞ ജനുവരിയിലാണ് കേവലം എട്ട് വയസ് മാത്രം പ്രായമുള്ള ആസിഫയെ കാണാതാവുന്നത്. ദിവസങ്ങൾക്ക് ശേഷം ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന്മേൽ കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല. സിപിഐ എം ജമ്മു റീജണൽ വിഭാഗം ആണ് കേസിന്മേൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. ഇതിന്മേൽ പ്രാദേശിക പ്രതിഷേധങ്ങളും അന്ന് പാർടി സംഘടിപ്പിച്ചു. ജനുവരി 19ന് നിയമസഭ കൂടിയപ്പോൾ തന്നെ പാർടി കേന്ദ്രകമ്മറ്റിയംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി പത്രങ്ങളിൽ വന്ന വാർത്തകൾ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചതോടെ മറ്റംഗങ്ങളും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറായത്.

കേസ് അന്വേഷണം ഫലപ്രദമല്ലാതിരുന്നതിനാലും ബിജെപി മന്ത്രിമാരടക്കമുള്ളവർ പ്രതികൾക്കനുകൂലമായി അണിനിരന്നതിനാലും സിപിഐ എംന്റെ നേതൃത്വത്തിലുള്ള ഓൾ ട്രൈബൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 7 മുതൽ അനിശ്ചിതകാല നിരാഹാരസമരം സംഘടിപ്പിച്ചു. പാർടിയുടെ ജമ്മു കാശ്‌മീർ സംസ്ഥാന കമ്മറ്റിയംഗം ശ്യാമപ്രസാദ് കേസർ ഉൾപ്പെടെയുള്ളവർ ഈ സമരപരിപാടിയുടെ ഭാഗമായിരുന്നു.

ഫെബ്രുവരി 9ന് മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും ആസിഫ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും അന്ന് വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകുകയും ത്വരിതാന്വേഷണം വേണമെന്നാവശ്യപ്പെടുകയുമുണ്ടായി. പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് തരിഗാമി വിഷയത്തിന്റെ പ്രാധാന്യം നിയമസഭയിൽ അവതരിപ്പിച്ചതിനാലാണെന്ന് ജമ്മു കാശ്മീർ ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിൽ പറയുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായുണ്ടായ കുറ്റപത്രത്തിലൂടെ ഭീകരമായ കുറ്റകൃത്യത്തിന്റെ മൃഗീയത അനാവരണം ചെയ്യപ്പെട്ടു.

ഫെബ്രുവരി 22ന് സിപിഐ എം സംഘം ആസിഫയുടെ രക്ഷിതാക്കളെ സന്ദർശിച്ച് കേസന്വേഷണത്തിലുൾപ്പെടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ആസിഫയുടെ നീതിക്കായി അണിനിരക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് മൂന്നിന് സിപിഐ എം സംസ്ഥാനക്കമ്മിറ്റി വാർത്താ സമ്മേളനം വിളിച്ചു. കൊടുംകുറ്റകൃത്യത്തിന് വർഗീയനിറം പകരാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ കൂടിയായിരുന്നു ഈ നീക്കം. കത്വാ ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കാനുള്ള രണ്ട് ബിജെപി മന്ത്രിമാരുടെ നീക്കത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങൾ ഉയർത്താൻ അന്ന് സിപിഐ എം ആഹ്വാനം ചെയ്തു. ഹിന്ദു ഏകതാ മഞ്ചിനെതിരെയും സിപിഐ എം രംഗത്തുവന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണത്തെ ജങ്കിൾരാജെന്ന് വിളിച്ച ബിജെപി, സർക്കാരിന്റെ ഭാഗമല്ലേയെന്ന് അന്ന് ചോദിച്ചതും സിപിഐ എം ആയിരുന്നു.

കത്വ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ പാർട്ടി കശ്മീരിൽ രംഗത്തെത്തി.

ആ സമയത്തൊക്കെ പ്രമുഖ മാധ്യമങ്ങളോ, ഇപ്പോൾ ഹർത്താലിന് പിറകിലുള്ള ക്ഷിദ്രശക്തികളോ ഈ സംഭവത്തിനെതിരെ നിലപാടെടുത്തില്ല. ഈ വസ്തുതകളൊക്കെ ജനങ്ങൾ മനസിലാക്കണം.

ഇപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ഈ സംഭവത്തെ ഉപയോഗിക്കാൻ ആരെയും അനുവദിച്ചുകൂട. ഇത്തരം പ്രവണതകൾക്കെതിരെ സിപിഐ എം പ്രവർത്തകർ ജാഗ്രത പുലർത്തണം. ജനങ്ങൾ വസ്തുതകൾ മനസിലാക്കി, വർഗീയക്ഷിദ്ര ശക്തികളെ മാറ്റിനിർത്താൻ തയ്യാറാവണം.

Top