Advertisement

റഷ്യയില്‍ അട്ടിമറി തുടരുന്നു; പോളണ്ടും ഈജിപ്തും വീണു

June 20, 2018
Google News 1 minute Read
senagal vs russia

റഷ്യന്‍ ലോകകപ്പ് അട്ടിമറികളുടെ ലോകകപ്പ് എന്ന ഖ്യാതിയിലേക്ക്. ചൊവ്വാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ പോളണ്ടിനെ സെനഗലും ഈജിപ്തിനെ ആതിഥേയരായ റഷ്യയും കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ ഫിഫ റാങ്കിംഗില്‍ എട്ടാമതുള്ള പോളണ്ടിനെ അട്ടിമറിച്ചത്. റാങ്കിംഗില്‍ 27-ാം സ്ഥാനക്കാരാണ് സെനഗല്‍. പോളണ്ടിന്റെ പ്രതിരോധത്തില്‍ വിള്ളലേല്‍പ്പിച്ചാണ് സെനഗല്‍ മൈതാനത്ത് അശ്വമേധം നടത്തിയത്. 37-ാം മിനിറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്റെ സെല്‍ഫ് ഗോളാണ് കരുത്തര്‍ക്ക് ആദ്യ തിരിച്ചടിയേകിയത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് വഴിമാറി വലയിലേക്ക് അപ്രതീക്ഷിതമായി നുഴഞ്ഞുകയറി.

ആദ്യ പകുതിയിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനായി 66-ാം മിനുറ്റില്‍ നയംഗ് വലകുലുക്കി. പോളിഷ് താരങ്ങളുടെ കാലുകളില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച നയംഗ് പ്രതിരോധം ഭേദിച്ച് പന്ത് ചിപ്പ് ചെയ്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. ഒടുവില്‍ ഒരു ഗോള്‍ മടക്കാന്‍ പോളണ്ടിന് അവസരം ലഭിച്ചത് 86-ാം മിനുറ്റില്‍. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം മുതലാക്കി ക്രിച്ചോവികാണ് പോളണ്ടിന്‍റെ ഏക ഗോള്‍ മടക്കിയത്. കരുത്തരായ പോളണ്ടിന്റെ പ്രതിരോധത്തെ തച്ചുടച്ചും അതോടൊപ്പം ആക്രമിച്ച് കളിച്ചും കളിക്കളത്തില്‍ കറുത്ത കുതിരകളാകുകയായിരുന്നു സെനഗല്‍.

മറ്റൊരു മത്സരത്തില്‍ ആതിഥേയരായ റഷ്യ മുഹമ്മദ് സലയുടെ ഈജിപ്തിനെ മുട്ടുകുത്തിച്ചു. രണ്ടാം തോല്‍വിയോടെ ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തേക്കും രണ്ട് വിജയങ്ങളുമായി ആതിഥേയരായ റഷ്യ പ്രീക്വാര്‍ട്ടറിലേക്കും. ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടിലേക്ക് എത്തുന്ന ആദ്യ ടീമാണ് റഷ്യ. ആദ്യ കളിയില്‍ പുറത്തിരുന്ന സല ഇന്നലെ കളത്തിലിറങ്ങിയെങ്കിലും ഈജിപ്തിനെ വിജയത്തിലെത്തിക്കാന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞില്ല. 3-1 നാണ് റഷ്യ ഈജിപ്തിനെ കീഴടക്കിയത്.

മത്സരത്തിന്റെ 47-ാം മിനിറ്റില്‍ അഹമ്മദ് ഫാത്തി ഈജിപ്തിന്റെ പോസ്റ്റില്‍ ഓണ്‍ ഗോള്‍ നേടിയതോടെ റഷ്യ മുന്നിലെത്തി. പിന്നീട്, 59-ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവ്, 62-ാം മിനിറ്റില്‍ ആര്‍ടെം സ്യൂബ എന്നിവരിലൂടെ റഷ്യ ലീഡ് ഉയര്‍ത്തി. മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട ശേഷവും റഷ്യ ആക്രമിച്ച് കളിച്ചു. എന്നാല്‍, ഈജിപ്തിന് ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ആനുകൂല്യം ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ഈജിപ്തിന്റെ ആശ്വാസഗോള്‍ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here