ബല്‍ജിയം രണ്ടടിച്ച് മൂന്നാം സ്ഥാനത്ത് (2-0) ; ‘ഇറ്റ്‌സ് കമിംഗ് ഹോം’ നാലാം സ്ഥാനത്ത് (ചിത്രങ്ങള്‍, വീഡിയോ)

ഇത്തവണ ലോകകപ്പും കൊണ്ടേ തങ്ങളുടെ പ്രിയ താരങ്ങള്‍ റഷ്യയില്‍ നിന്ന് തിരിച്ചു വരൂ എന്നായിരുന്നു ഇംഗ്ലണ്ട് ഒന്നടങ്കം പറഞ്ഞിരുന്നത്. സെമി ഫൈനലിലേക്കെത്തിയപ്പോള്‍ ഇംഗ്ലണ്ട് ലോകത്തോട് വിളിച്ച് പറഞ്ഞു : ‘ഇറ്റ്‌സ് കമിംഗ് ഹോം’ (ലോകകപ്പ് വീണ്ടും ഇംഗ്ലണ്ടിലേക്ക് എത്തുന്നു). ഇംഗ്ലീഷ് പരസ്യങ്ങള്‍ക്ക് തിരിച്ചടിയായി ഹാരി കെയ്‌നും സംഘവും ആദ്യം സെമി ഫൈനലില്‍ വീണു…’ഇറ്റ്‌സ് കമിംഗ് ഹോം’ എന്ന പരസ്യം തമാശയായി അവശേഷിച്ചു. ഒടുവില്‍, ഇംഗ്ലണ്ടിലെ കാല്‍പന്ത് ആരാധകര്‍ പറഞ്ഞു; ‘മൂന്നാം സ്ഥാനമെങ്കിലും കൊണ്ടേ നാട്ടിലേക്ക് തിരിക്കാവൂ’ എന്ന്. അവിടെയും അവര്‍ക്ക് അടിതെറ്റി. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബല്‍ജിയത്തോട് പരാജയപ്പെട്ട് ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിന്റെ യുവ തലമുറ റഷ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്നു ‘ഇറ്റ്‌സ് കമിംഗ് ഹോം’.

നന്നായി കളിച്ചിട്ടും സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പ് സ്വപ്‌നം വീണുടഞ്ഞതിന്റെ സങ്കടം മൂന്നാം സ്ഥാനം കൊണ്ട് ബാലന്‍സ് ചെയ്ത് ബല്‍ജിയവും റഷ്യയില്‍ നിന്ന് നാട്ടിലേക്ക്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരമാണെങ്കിലും വാശിയൊട്ടും കുറയാതെയാണ് ഇരു ടീമുകളും സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍ പന്ത് തട്ടിയത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബല്‍ജിയം ലീഡ് സ്വന്തമാക്കി. തോമസ് മ്യുനീറിലൂടെയാണ് ബല്‍ജിയത്തിന്റെ ലീഡ് ഗോള്‍. ചാട്‌ലി നല്‍കിയ പാസില്‍ നിന്നായിരുന്നു മ്യുനീര്‍ ഗോള്‍ കണ്ടെത്തിയത്.

82–ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെ – ഏ‍ഡൻ ഹസാർഡ് സഖ്യം ഗോൾ നേടിയതോടെ ബൽജിയത്തിന് രണ്ടുഗോൾ ലീഡ്. ബൽജിയത്തിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഡിബ്രൂയ്നെയിൽനിന്ന് പന്ത് ഇടതുവിങ്ങിൽ ഹസാർഡിലേക്ക്. ഇംഗ്ലണ്ട് പ്രതിരോധത്തെ ഛിന്നഭിന്നമാക്കിയ ഏതാനു ചുവടുകൾക്കൊടുവിൽ പിക്ഫോ‍ർഡിനെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് പായിക്കുന്ന ഹസാർഡ്. സ്കോർ 2–0.

മത്സരത്തിന്റെ ആദ്യാവസാനം ചില മികച്ച അവസരങ്ങള്‍ ഇംഗ്ലണ്ടിനും ലഭിച്ചു. എന്നാല്‍, ലക്ഷ്യം കാണാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് സാധിച്ചില്ല. ഈ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടിയിട്ടുള്ള ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ തന്നെയാണ് ഇപ്പോഴും ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടിന് നിലവില്‍ അര്‍ഹതയുള്ള താരമാണ് കെയ്ന്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More