എംബാപ്പെ പോലും മാറി നില്‍ക്കും; റഷ്യയില്‍ ഏറ്റവും ദൂരം ഓടിയ കളിക്കാരന്‍ ഈ ‘വയസനാണ്’

റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളുടെ കണക്ക് നോക്കുമ്പോള്‍ മൈതാനത്ത് ഏറ്റവും കൂടുതല്‍ ദൂരം ഓടിയ കളിക്കാരന്‍ ആരായിരിക്കും? ഫ്രഞ്ച് താരം എംബാപ്പെയുടെ പേരായിരിക്കും ഒരുപക്ഷേ എല്ലാവരും ആദ്യം ഓര്‍ക്കുക. എന്നാല്‍, കണക്കുകള്‍ അങ്ങനെയല്ല. 19- കാരനായ എംബാപ്പയേക്കാള്‍ കൂടുതല്‍ ദൂരം ഓടിയിരിക്കുന്നത് 32 വയസുള്ള ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചാണ്. 63 കിലോമീറ്ററാണ് റയല്‍മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയായ ലൂക്ക ഗ്രൗണ്ടില്‍ ഓടിത്തീര്‍ത്തത്. ഇൗ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമയം(604 മിനുറ്റ്) ചിലവഴിച്ചതും ലൂക്ക തന്നെ.

ക്രൊയേഷ്യ ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചതും ഈ പത്താം നമ്പര്‍ താരം തന്നെ. പൊതുവേ വയസന്‍പടയെന്നാണ് ഇത്തവണത്തെ ക്രൊയേഷ്യന്‍ ടീമിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. അതിനിടയിലാണ് കളം മറന്ന് ഓടിയും പന്ത് തട്ടിയും ലൂക്കാ മോഡ്രിച്ച് ഇത്തവണത്തെ സംസാരവിഷമായിരിക്കുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മോഡ്രിച്ചിന്റെ പേരിലുള്ളത്. ഗോള്‍ഡന്‍ ബോളിനായുള്ള സാധ്യതാ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന താരവും ലൂക്കാ തന്നെ. നായകന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോള്‍ സാധ്യത പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചു.

നോക്കൗട്ടില്‍ ക്രൊയേഷ്യയുടെ മൂന്ന് മത്സരങ്ങളും എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടുപോയിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ അധിക സമയം കളിക്കേണ്ടി വന്നെങ്കിലും മോഡ്രിച്ച് അവസാന വിസില്‍ കളിക്കളത്തില്‍ ഊര്‍ജ്ജസ്വലനായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് കിരീടം നേടാന്‍ തയ്യാറെടുക്കുന്ന ക്രൊയേഷ്യയുടെ കരുത്തും ബലവും ഈ പത്താം നമ്പര്‍ താരം തന്നെ.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More