Advertisement

ആര് നേടും? റഷ്യയില്‍ ഇന്ന് കലാശക്കൊട്ട്

July 15, 2018
Google News 1 minute Read

ലോകം മുഴുവന്‍ കൊതിക്കുന്ന ലോകകപ്പില്‍ ആര് മുത്തമിടും? ഒരു മാസം നീണ്ടുനിന്ന ലോകകപ്പ് ആവേശത്തിന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്ന് കലാശക്കൊട്ട്. ലോകകിരീടം സ്വന്തമാക്കാന്‍ ഫ്രാന്‍സും ക്രൊയേഷ്യയും നേര്‍ക്കുനേര്‍. മോസ്‌കോയിലെ ലുഷ്‌നിക്കിയില്‍ രാത്രി 8.30 നാണ് കലാശക്കൊട്ട്‌.

ലുഷ്‌നിക്കിയില്‍ കിരീടമുയര്‍ത്തിയാല്‍ ഫ്രാന്‍സിന് ഇത് രണ്ടാം മധുരമായിരിക്കും. 1998 ലോകകപ്പില്‍ മുത്തമിട്ടതിന് പിന്നാലെ 20 വര്‍ഷം നീണ്ട കാത്തിരിപ്പാണ് ഫ്രഞ്ച് പടയ്ക്ക്. 2006 ല്‍ ലോകകപ്പ് നേട്ടത്തിന്റെ പടിവാതില്‍ക്കല്‍ വീണവര്‍ക്ക് ഇത് സുവര്‍ണ അവസരമാണ്. 2006 ആവര്‍ത്തികരുതെന്നാണ് ഫ്രഞ്ച് ആരാധകരുടെയും പ്രാര്‍ത്ഥന.

അതേ സമയം, ക്രൊയേഷ്യയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം തന്നെ. ലോകകപ്പിന് പുതിയൊരു അവകാശി ജനിക്കുമോ എന്നതിന് ഉത്തരം നല്‍കേണ്ടത് ക്രൊയേഷ്യയാണ്. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നവരാണ് ക്രൊയാട്ടുകള്‍. അന്ന് അവരുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായതും ഇതേ ഫ്രാന്‍സ് തന്നെ. എന്തായാലും ലുഷ്‌നിക്കിയില്‍ ചരിത്രം സൃഷ്ടിക്കുവാനാണ് ക്രൊയാട്ടുകള്‍ ഒരുങ്ങുന്നത്. ഫ്രാന്‍സിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം.

ഫിഫ റാങ്കിംഗില്‍ 20-ാം സ്ഥാനത്താണ് ക്രൊയേഷ്യയെങ്കില്‍ ഫ്രാന്‍സ് ഏഴാം സ്ഥാനത്തുണ്ട്. ഇരു ടീമുകളും മുഖാമുഖമെത്തിയത് അഞ്ച് തവണ. അതില്‍ മൂന്ന് തവണയും ഫ്രാന്‍സ് വിജയികള്‍. രണ്ട് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു. എന്നാല്‍, റഷ്യയിലെ ഇതുവരെയുള്ള കണക്കുകളില്‍ ഇരു ടീമുകളും തുല്യരാണ്. ഒരു ലോകകപ്പ് സ്വന്തമാക്കിയ ടീം എന്ന ഖ്യാതി ഫ്രാന്‍സിന് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍, 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കിരീടനേട്ടത്തിന് ലുഷ്‌നിക്കിയില്‍ പ്രസക്തിയില്ല.

 

പ്രതിരോധനിരയില്‍ ക്രൊയേഷ്യ ഫ്രാന്‍സിനേക്കാള്‍ ഒരുപടി താഴെയാണ്. ക്രൊയേഷ്യയുടെ പ്രതിരോധനിര പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രായമാണ് ക്രൊയേഷ്യയെ തളര്‍ത്തുന്നത്. ഫ്രാന്‍സിന് ചെറുപ്പത്തിന്റെ ആനുകൂല്യമുണ്ട്. അതിവേഗം മുന്നേറുന്ന എംബാപ്പെ, ഗ്രീസ്മാന്‍ കൂട്ടുക്കെട്ടിനെ പ്രതിരോധിക്കുകയാകും ക്രൊയേഷ്യയ്ക്ക് തലവേദന സൃഷ്ടിക്കുക. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റത് ഈ വേഗതയുടെ കണക്കിലാണ്. ഫ്രാന്‍സിന്റെ വേഗതയെ നിയന്ത്രിക്കാനായാല്‍ ക്രൊയേഷ്യയ്ക്ക് ആശ്വസിക്കാം. അതേ സമയം, ഫ്രാന്‍സിന്റെ പ്രതിരോധനിര സുശക്തമാണ്. ഉംറ്റിറ്റി, വരാനെ, പവാര്‍ഡ് ത്രയം ഏത് മുന്നേറ്റത്തെയും പ്രതിരോധിക്കാന്‍ കഴിവുള്ളവര്‍.

മധ്യനിരയാണ് ക്രൊയേഷ്യയുടെ ശക്തി. മോഡ്രിച്ച് – പെരിസിച്ച് – റാക്കിട്ടിച്ച് – റെബിച്ച് കൂട്ടുക്കെട്ട് റഷ്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതാണ്. നാല് പേരും മികച്ച ഫോമില്‍. ഒരേ സമയം ഡീപ്പ് മിഡ്ഫീല്‍ഡറാകാനും മുന്നേറ്റം നടത്താനും കഴിയുന്ന താരമാണ് മോഡ്രിച്ച്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പെരിസിച്ചും റാക്കിട്ടിച്ചും കേമന്‍മാര്‍. ഇതേ നിലവാരമാണ് ഫ്രാന്‍സിന്റെ മധ്യനിരയിലും. ഗ്രീസ്മാന്‍, എംബാപ്പെ, പോഗ്ബ, മാറ്റിയൂഡി, കാന്റെ…ഏത് പ്രതിരോധത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നവര്‍. മധ്യനിരയായിരിക്കും ഇരു ടീമുകളുടെയും മത്സരം നിര്‍ണയിക്കുക.

ഏക സ്‌ട്രൈക്കര്‍ പോളിസിയാണ് ഇരു ടീമുകളിലും. മാന്‍ഡ്‌സൂക്കിച്ചാണ് ക്രൊയേഷ്യയുടെ മുന്നേറ്റതാരം. ഒലിവര്‍ ജിറൂദാണ് ഫ്രഞ്ച് പടയിലെ മുന്നേറ്റതാരം. ഇതുവരെയുള്ള കണക്കുകളില്‍ ജിറൂദിനേക്കാള്‍ മികച്ച പ്രകടനമാണ് മാന്‍ഡ്‌സൂക്കിച്ച് നടത്തിയിരിക്കുന്നത്.

ഗോള്‍ വല കാക്കാന്‍ ഇരു ടീമുകള്‍ക്കും ശക്തരായ ഗോളികള്‍. ലോറിസും സുബാസിച്ചും മിടുക്കന്‍മാരാണ്. ഗോള്‍ഡന്‍ ഗ്ലൗവിന് വേണ്ടിയുള്ള പോരാട്ടം കൂടിയാകും ഇന്ന് ഇരു ഗോളികളും തമ്മില്‍ നടക്കാന്‍ പോകുന്നതും.

തുല്യശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കൊപ്പം ലുഷ്‌നിക്കി നില്‍ക്കുമെന്നത് കടുകട്ടിയേറിയ ചോദ്യമാണ്. രാത്രി 8.30 നാണ് മത്സരത്തിന് കിക്കോഫ് മുഴങ്ങുക. കാല്‍പന്ത് കളിയുടെ കണക്കനുസരിച്ച് നോക്കിയാല്‍ 10.45 നുള്ളില്‍ ലോകകകിരീടത്തില്‍ ആര് മുത്തമിടുമെന്ന് അറിയാന്‍ സാധിക്കും. ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകള്‍… റഷ്യയില്‍ നടക്കാന്‍ പോകുന്നത് ‘ഒരു ക്രൊയാട്ട് വീരഗാഥ’യോ അതോ ‘ഫ്രഞ്ച് വിപ്ലവമോ’?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here