പാവങ്ങൾക്ക് സൗജന്യമായി മുടിവെട്ടികൊടുക്കുന്ന ഒരു ബാർബർ ! അറിയാം നാസിർ എന്ന വ്യത്യസ്തനാം ബാർബറെ കുറിച്ച്

നാസിർ സോഭാനി ഒരു ബാർബറാണ്. സെലിബ്രിറ്റികളോ, മെട്രോ നഗര ജീവികളോ എല്ല മറിച്ച് റോഡിലൂടെ അലഞ്ഞ് തിരിയുന്ന പാവങ്ങളാണ് നാസിറിന്റെ ക്ലയന്റ്‌സ്. ഇവർ നാസിറിനെ സമീപിക്കാറില്ല, നാസിർ സ്വമേധയാ ഇവരുടെ അടുത്തേക്ക് പോയി മുടിവെട്ടിത്തരട്ടെയെന്ന് ചോദിക്കുകയാണ് ചെയ്യാറ്. ഈ വ്യത്യസ്തനായ ബാർബറാണ് ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
മെൽബൺ സ്വദേശിയാണ് നാസിർ. ആഴ്ച്ചയിൽ ഒരുദിവസമാണ് ഈ പ്രവൃത്തിക്കായി നാസിർ മാറ്റിവെക്കുന്നത്. ‘ക്ലീൻ കട്ട്, ക്ലീൻ സ്റ്റാർട്ട്’ എന്നാണ് നാസർ ഈ സേവനത്തിന് നൽകിയിരിക്കുന്ന പേര്. ഒരു ഹെയർകട്ട് ഒരു മനുഷ്യനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അതുകൊണ്ടാണ് താൻ ഇതിന് ഇത്തരമൊരു പേര് നൽകിയതെന്നും നാസിർ പറയുന്നു.
പണ്ട് കൊക്കെയിന്റെ അടിമായിയിരുന്നു നാസിർ. പ്രതിദിനം കൊക്കെയിൻ വാങ്ങാൻ 300 ഡോളർ മുതൽ 400 ഡോളർ വരെ നാസിർ ചിലവാക്കുമായിരുന്നു. അന്നൊക്കെ കണ്ണാടിയിൽ തന്നെ കാണുമ്പോൾ നാസിറിന് കരച്ചിൽ വരുമായിരുന്നു. പിന്നീട് വളരെ പണിപ്പെട്ടാണ് നാസിർ ലഹരിയുടെ ലോകത്ത് നിന്നും ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇന്ന് മുടിവെട്ടുന്നതാണ് തന്റെ ലഹരിയെന്ന് നാസിർ പറയുന്നു.
മുടിവെട്ടുന്നതിനൊപ്പം ചെറിയ ഹെഡ് മസ്സാജും നാസിർ ചെയ്യാറുണ്ട്. മുടിവെട്ടുന്നതിലൂടെ പുതിയൊരു അനുഭവമാണ് വഴിയോരത്തെ പട്ടിണിപാവങ്ങൾക്ക് നാസിർ നൽകുന്നത്. ഈ ഭൂമിയിൽ തങ്ങളെ നോക്കാനോ, ശ്രദ്ധിക്കാനോ, പരിചരിക്കാനോ ആരുമില്ലെന്നുള്ള തോന്നലും, വൃത്തിഹീനമായ രൂപംകൊണ്ടുള്ള അവരുടെ അപകർഷതാബോധവും നാസിർ അവരുടെ മുടിയോടൊപ്പം വെട്ടിക്കളയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here