പ്രളയം ആദ്യം വീട് കൊണ്ട് പോയി, പിന്നാലെ അച്ഛനേയും.. എഡ്വിനും അമ്മയും ഇനി ക്യാമ്പില്‍ നിന്ന് എങ്ങോട്ട് പോകും?

ഇത് എഡ്വിന്‍, ആദ്യം ഒരു ആക്സിഡന്റ് ഈ അഞ്ച് വയസ്സുകാരന്റെ മനോനില തെറ്റിച്ചു, പിന്നീട് പ്രളയം വീട് തകര്‍ത്തെറിഞ്ഞു. പോകുന്ന വഴി എഡ്വിന്റെ അച്ഛനേയും കൊണ്ടുപോയി. പപ്പയുടെ ചേതയറ്റ ശരീരം കണ്ടതിന്റെ ആഘാതം എഡ്വിനിപ്പോഴും വിട്ട് മാറിയിട്ടില്ല. അച്ഛന്റെ മൃതദേഹം കണ്ടതിന് ശേഷം എഡ്വിനെ പനി വിട്ടൊഴിഞ്ഞിട്ടുമില്ല. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എഡ്വിന്‍ ഇപ്പോള്‍. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വരുമ്പോഴെല്ലാം ആശുപത്രിക്കിടക്കയിലിരുന്ന് വലിയ വായില്‍ നിലവിളിക്കുയാണ് ഈ കുഞ്ഞ്.
കുട്ടനാട് എടത്വ തായങ്കരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് എഡ്വിന്റെ പിതാവ് കൊച്ചുമോന്‍ മരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കനത്ത പനിയായിരുന്നു കൊച്ചുമോന്.ഇതൊന്നും വക വയ്ക്കാതെയാണ് കൊച്ചുമോന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. പനി വകവയ്ക്കാതെ മുഴുവന്‍ സമയവും കൊച്ചുമോന്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. പ്രളയം സ്വന്തം വീടും വിഴുങ്ങിയതിനാല്‍ ആലപ്പുഴയിലെ ദുരിതാശ്വാസക്യാമ്പിലാണ് എഡ്വിനും കൊച്ചുമോന്‍മെല്ലാം താമസിച്ചിരുന്നത്. അവിടേക്ക് എത്തിയപ്പോഴേക്കും കൊച്ചുമോന്റെ പനി മൂര്‍ച്ഛിച്ചു. ആദ്യം ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം വഷളായതിന് പിന്നാലെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപ്പോഴേക്കും ആരോഗ്യം വീണ്ടും മോശമായി. പനി മുര്‍ച്ഛിച്ച് ന്യുമോണിയ ആയ വിവരം ഇവിടെ നിന്നാണ് ഭാര്യ പോലും അറിയുന്നത്. അത്യാസന്ന നിലയിലായകൊച്ചുമോന്‍ ഓഗസ്റ്റ് 24മരിച്ചു. അച്ഛന്റെ മൃതദേഹം കണ്ടതിന് ശേഷം എഡ്വിന്‍ ആകെ അസ്വസ്ഥനാണെന്ന് ഭാര്യ സുസ്മി പറയുന്നു.
കൊച്ചുമോനും സുസ്മിയ്ക്കും എഡ്വിനെക്കൂടാതെ ഒരു പെണ്‍ കുഞ്ഞ് കൂടിയുണ്ട്. ഇവര്‍ കഴിഞ്ഞിരുന്ന ക്യാമ്പ് ഉടനെ പിരിച്ച് വിടും എന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. എഡ്വിനേയും കൊണ്ട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് സുസ്മി. ഇവിടെ നിന്ന് എങ്ങോട്ടാണ് പോകേണ്ടതെന്ന് സുസ്മിയ്ക്ക് അറിയില്ല. ചമ്പക്കുളം കണ്ടങ്കരിയിലാണ് ഇവരുടെ വീട്. വീടല്ല, ഒറ്റമുറിയിലെ ഒരു ഷെഡ്. വെള്ളം കയറി ഈ വീട് ആകെ നശിച്ചു. വീടിരിക്കുന്ന സ്ഥലം പോലും സ്വന്തമല്ല. തൊട്ടപ്പുറത്തുള്ള കുടുംബവീടും വെള്ളത്തിലാണ്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുകയാണ് ചുറ്റും. സുഖമില്ലാത്ത എഡ്വിനേയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമിക്കുകയാണ് സുസ്മി. ഭര്‍ത്താവ് മരിച്ച ആഘാതം പോലും സുസ്മിയ്ക്ക് മാറിയിട്ടില്ല. ഒരു ചെറിയ വീട് വേണം. പറക്കമുറ്റാത്ത കുട്ടികളെ വളര്‍ത്തണം. ജോലി കണ്ടെത്തണം കടമ്പകള്‍ മുന്നില്‍ ഏറെയാണ്. കുഞ്ഞുങ്ങളുടെ മുന്നില്‍ തളരാതെ പിടിച്ച് നില്‍ക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രമേ സുസ്മിയ്ക്ക് ഇപ്പോഴുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here