കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം സൃഷ്ടിച്ച ആഘാതത്തെ അതീജീവിക്കാന്‍ നമ്മള്‍ തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ചതു മുതല്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണ് ലോകം മുഴുവന്‍. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക്, ഒരു കൈ സഹായവുമായി എത്തിയിരിക്കുയാണ് ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. രണ്ട് ക്യാമ്പുകളില്‍ നിന്നായി നാല്പതിനായിരത്തോളം രൂപയാണ് കേരളത്തിനായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സമാഹരിച്ചത്.
അഭായാര്‍ത്ഥികളെ മനസിലാക്കുന്ന അവരെ പിന്തുണയ്ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തെ സഹായിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് ആവില്ലെന്ന് അവര്‍ വ്യക്തമാക്കി. കേരളം നേരിട്ട പ്രളയ ദുരന്തങ്ങളെ കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്ക് സഹായം എത്തിക്കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നെന്നും അധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തും നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന വേദന മറ്റാരെക്കാളും തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു കേരളത്തിനായി തുക സമാഹരിച്ചതിനെ കുറിച്ചു ചോദിച്ചപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ളവരുടെ പ്രതികരണം.
ഹരീദാബാദിലെയും ചറംവിഹാറിലെയും ക്യാമ്പുകളിലുള്ളവരാണ് കേരളത്തിനായി ഈ തുക സമാഹരിച്ചത്.കമ്യൂണിറ്റി ഫണ്ടില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയും കുട്ടികളുടെ ഫുട്‌ബോള്‍ ക്ലബില്‍ ഉണ്ടായിരുന്ന അയ്യായിരം രൂപയുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് ഇവര്‍ തുക കൈമാറി. കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ചെലവഴിക്കുമെന്ന് സംഘടന വ്യക്തമാക്കി.
ചോരയ്ക്കും തീയ്ക്കും തോക്കിനും വിശപ്പിനും പലായനത്തിനും ഒക്കെ ഇടയിലൂടെയുടെ സ്വരുക്കൂട്ടിയ ആ നാണയതുട്ടുകള്‍ ചേര്‍ത്ത് വെച്ച് അവര്‍ തന്ന നാല്പതിനായിരം രൂപയുടെ വില തിരിച്ചറിഞ്ഞ് നന്ദി പറയുകയാണ് മലയാളികള്‍ ഇപ്പോള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here