ആരോപണവിധേയരോട് ‘കടക്ക് പുറത്ത്’ തന്നെ; വിവാദങ്ങള്‍ക്കൊടുവില്‍ പി.കെ ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പിടിമുറുക്കി സിപിഎം. എംഎല്‍എക്കെതിരായ കേസിനോട് പാര്‍ട്ടി മൃദുസമീപനം കാണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയത്. പി.കെ ശശിക്കെതിരെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോപണ വിധേയരെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന രീതി സിപിഎമ്മിലില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.
2018 ആഗസ്റ്റ് 14നാണ് പരാതി ലഭിച്ചതെന്നും, ഇതേ തുടര്‍ന്ന് എം.എല്‍.എയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി പി.കെ ശശിയുടെ വിശദീകരണം കേട്ടു എന്നാണ് പ്രസ്താവനയിലുള്ളത്. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഇതിനെക്കുറിച്ച് അറിഞ്ഞത് എന്നായിരുന്നു പി.കെ ശശി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും മാതൃകാപരമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. ഇക്കാര്യത്തില്‍ തങ്ങള്‍ സ്വീകരിച്ചതുപോലുള്ള കര്‍ശനമായ നിലപാട് സംസ്ഥാനത്ത് മറ്റൊരു പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പി.കെ ശശിക്കെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടനെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതോടെ പി.കെ ശശി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എംഎല്‍എക്കെതിരായ നടപടിയില്‍ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here