ബിഷപ്പിനെതിരായ പീഡനക്കേസ് സിബിഐയ്ക്ക് വിടണം; ഹൈക്കോടതിയില്‍ ഹര്‍ജി

kerala high court

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസ്, സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ കായംകുളം സ്വദേശിയായ വി രാജേന്ദ്രനാണ് ഹര്‍ജിക്കാരന്‍.

കന്യാസ്ത്രീയുടെ പരാതിയില്‍ ഫ്രാങ്കോക്ക് എതിരെ കോട്ടയം കുറവിലങ്ങാട് പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കാര്യമായ നടപടികളൊന്നും പോലിസ് സ്വീകരിച്ചില്ലെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. കേസ് എടുത്തിട്ട് 77 ദിവസമായി. മതിയായ തെളിവുണ്ടായിട്ടും പ്രതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നില്ല. പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട ലൈംഗിക ശേഷി പരിശോധനയും നടത്തിയിട്ടില്ല.

അന്വേഷണ സംഘം ജലന്ധറില്‍ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ എടുത്തില്ല. അന്വേഷണം ശരിയായ രീതിയില്‍ അല്ല നീങ്ങുന്നത് എന്നതിന്റെ തെളിവാണ് ഇത്. ബലാല്‍സംഗം നടന്നെന്ന് കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മുന്നില്‍ വരെ മൊഴി നല്‍കിയതാണ്. എന്നിട്ട് നടപടിയുണ്ടാവാത്തത് അന്വേഷണം സുതാര്യവും സത്യസന്ധവും അല്ലെന്നതിന്റെ തെളിവാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. കേസ് കോടതി നാളെ പരിഗണനക്ക് വരും.

Top