അന്നപൂർണ്ണാ ദേവി അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂർണ്ണ ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹചമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അന്നപൂർണ്ണാ ദേവിയുടെ വിയോഗത്തോടെ ‘സുർബഹാർ’ എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്ന ഏക സംഗീതജ്ഞയെയാണ് സംഗീതലോകത്തിന് നഷ്ടമായിരിക്കുന്നത്.
വിഖ്യാത സംഗീതജ്ഞൻ ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ നാലു മക്കളിൽ ഇളയ കുട്ടിയായാണ് അന്നപൂർണ്ണാ ദേവിയുടെ ജനനം. 1927 ഏപ്രിൽ 16 ന് മധ്യപ്രദേശിലാണ് ജനനം. റോഷനാരാ ഖാൻ എന്നായിരുന്നു എവരുടെ യഥാർത്ഥ പേര്. ചെറുപ്പം മുതൽ തന്നെ അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച അന്നപൂർണ്ണാ ദേവി മികച്ച സംഗീതജ്ഞയായി.
14 വയസ്സിലാണ് അന്നപൂർണ്ണാ ദേവി പണ്ഡിറ്റ് രവി ശങ്കറിനെ വിവാഹം ചെയ്ത് ഹിന്ദു മതം സ്വീകരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ദാമ്പത്യബന്ധത്തിന് 1962 ൽ തിരശ്ശീല വീണു. പിന്നീട് 1982 റൂഷികുമാർ പാണ്ഡ്യ എന്ന സിതാറിസ്റ്റിനെ അന്നപൂർണ്ണാ ദേവി വിവാഹം കഴിച്ചു.
1977 ൽ പദ്മഭൂഷൻ, 1991 ൽ സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം,1999 ൽ രബീന്ദ്രനാഥ ടാഗോറിന്റെ വിശ്വ ഭാരതി സർവ്വകലാശാലയുടെ ഹോണററി ഡോക്ടറേറ്റായ ദേശികോട്ടം എന്ന പുരസ്‌കാരം, 2004 ൽ സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ അന്നപൂർണ്ണയെ തേടിയെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here