എം.ഐ ഷാനവാസ് ഓര്‍മ്മയായി; മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും ലോക്‌സഭാ അംഗവുമായ എം.ഐ ഷാനവാസിന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബര്‍സ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടന്നത്.
കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ്(67) ഇന്നലെ പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആർ.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. എകെ ആന്‍റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here