ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങി; ചൊവ്വയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് വിക്ഷേപിച്ച നാസയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങി. ഇൻസൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി.ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.
മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇൻസൈറ്റ് പറന്നുയർന്നത്. ഇന്ത്യൻസമയം പുലർച്ചെ 1.30 നാണ് ചൊവ്വാ പര്യവേക്ഷണപേടകം ഇൻസൈറ്റ് ലാൻഡർ ചൊവ്വയിൽ ഇറങ്ങിയത്. 54.8 കോടി കിലോമീറ്റർ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തുന്നത്.
മുൻ ചൊവ്വാദൗത്യങ്ങൾ ചൊവ്വയുടെ പ്രതലത്തിലെ കുന്നുകളെയും അഗ്‌നിപർവതങ്ങളെയും മണ്ണിനെയും പഠനവിധേയമാക്കിയപ്പോൾ അതിന്റെ അടിസ്ഥാനരൂപവും ഏറ്റവുമാദ്യം രൂപപ്പെട്ടതുമായ ബിൽഡിങ് ബ്ലോക്കുകളെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. ഈ ബിൽഡിങ് ബ്ലോക്കുകളിലേക്കിറങ്ങിച്ചെന്ന് പഠിക്കുന്നുവെന്നതാണ് ഇൻസൈറ്റിനെ മറ്റ് ചൊവ്വാദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും വളരെ ആഴത്തിലാണ് ബിൽഡിങ് ബ്ലോക്കുകളുണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here