മന്ത്രി കെ ടി ജലീലിനെതിരെ ആരോപണവുമായി ബിജെപി

മന്ത്രി കെ ടി ജലീലിനെതിരെ ആരോപണവുമായി ബിജെപി. പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കാൻ മന്ത്രി വഴിവിട്ട രീതിയിൽ ഇടപെടൽ നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരനെ തിരിച്ചെടുക്കാന്‍ മന്ത്രി കെ ടി ജലീല്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് ബിജെപിയുടെ അരോപണം.
2014ൽ പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വി രാമകൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ പിരിച്ചു വിടുകയും ചെയ്തു. 2017 ജൂണ്‍ 14ന് രാമകൃഷ്ണന്‍ മന്ത്രി കെ ടി ജലീലിന് സങ്കട ഹര്‍ജി നല്‍കി. ഇതിനെ തുടർന്ന് ഒരു പരിശോധനയും നടത്താതെ രാമകൃഷ്ണനെ പുറത്താക്കിയ ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ മന്ത്രി സ്റ്റേ ചെയ്തുവെന്നാണ് ഇവരുടെ ആരോപണം. രാമകൃഷ്ണന് വീണ്ടും നിയമനം നൽകാൻ മന്ത്രി ഉത്തരവിട്ടെന്നും ബിജെപി പാലക്കാട് ജില്ലാ നേതൃത്വം ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളും പുറത്തുവിട്ടു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച ബിജെപി ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here