സൗദിയില്‍ ‘ലെവി’ പിന്‍വലിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

സൗദിയില്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ‘ലെവി’ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിഷേധിച്ചു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശ തൊഴിലാളികള്‍ക്കു ഏര്‍പ്പെടുത്തിയ ‘ലെവി’ പുനഃപരിശോധിക്കുമെന്ന് ബ്ലൂംബെര്‍ഗ് വാര്‍ത്ത ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയും ആശ്രിത വിസയിലുളളവര്‍ക്ക് ഗൃഹനാഥനുമാണ് ‘ലെവി’ അടക്കേണ്ടത്. എന്നാല്‍ ഇതു പുനഃപരിശോധിക്കുകയും ലെവിയില്‍ ഇളവു വരുത്തുമെന്നും ബ്ലൂംബെര്‍ഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലെവി റദ്ദാക്കാതെ ഭേദഗതി വരുത്തുന്നത് മന്ത്രിസഭാ ഉപസമിതി പഠിച്ചുവരുകയാണെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അവാദ് അല്‍അവാദ് പറഞ്ഞു. മന്ത്രാലയത്തിന് കീഴിലുള ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍സ് സെന്ററാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്.

കഴിഞ്ഞ മാസം തൊഴില്‍ മന്ത്രി പങ്കെടുത്ത ‘മുഖാമുഖം’ പരിപാടിയുടെ ചുവടുപിടിച്ച് ലെവി പിന്‍വലിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും തൊഴില്‍ മന്ത്രാലയം നേരത്തെ നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്. വരവും ചെലവും തുല്യമാകുന്ന ബജറ്റ് അവതരിപ്പിക്കുന്നതുവരെ ലെവി പുനപരിശോധിക്കില്ലെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top