രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് തന്നെ; സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. രാജസ്ഥാനിലെ എഐസിസി നിരീക്ഷകന്‍ കെ.സി വേണുഗോപാലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരം അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും.

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒരു ധാരണയിലെത്തുന്നത്. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇരു നേതാക്കളുടെയും അനുയായികള്‍ പരസ്യമായി പോരടിക്കാന്‍ തുടങ്ങിയതോടെ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുകയായിരുന്നു. രാജസ്ഥാനില്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് അശോക് ഗെഹ്‌ലോട്ട്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top