കമ്പ്യൂട്ടർ സ്വകാര്യത ഇനി രാജ്യത്തില്ല; രേഖകളും വിനിമയങ്ങളും പരിശോധിയ്ക്കാൻ കേന്ദ്ര എജൻസികൾക്ക് അധികാരം

രാജ്യത്തെ ഓരോ പൗരനെയും തന്റെ കമ്പ്യൂട്ടറിലെ വിവരങ്ങൾ സർക്കാർ എജൻസികളുമായ് പങ്ക് വയ്ക്കാൻ നിയമപരമായ് ബാധ്യസ്ഥനാക്കുന്നതാണ് ഇന്നലെ രാത്രി വൈകി പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ്. ഇൻഫർ മേഷൻ ടെക്നോളജി ആക്ട് 69(1) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശങ്ങൾക്ക് തടസ്സം നിന്നാൽ 7 വർഷം കഠിനതടവും പിഴയും ആണ് ശിക്ഷ.

പത്ത് കേന്ദ്ര എജൻസികൾക്ക് രാജ്യത്തുള്ള എല്ലാ കമ്പ്യൂട്ടറുകളിലും സ്യഷ്ടിയ്ക്കപ്പെട്ടതോ ശേഖരിയ്ക്കപ്പെട്ടതോ വിനിമയം ചെയ്യപ്പെട്ടതോ ആയ രേഖകൾ നേരിട്ടോ സാങ്കേതിക മാർഗ്ഗങ്ങളിലൂടെയോ ശേഖരിയ്ക്കാനും പരിശോധിയ്ക്കാനും നിരിക്ഷിയ്ക്കാനും ഉത്തരവ് അവകാശം നൽകുന്നു. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺ ട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, ഡൽഹി പോലിസ്, സി.ബി.ഐ, റവന്യു ഇന്റലിജൻസ് ,എൻ,ഐ,എ, ക്യാബിനറ്റ് സെക്രട്ടെറിയറ്റ്,  ഡയറക്ടറേറ്റ് ഓഫ് സിഗനൽ ഇൻറലിജൻസ്, പോലിസ് കമ്മിഷണർ ഡൽഹി എന്നി അധികാര സ്ഥാനങ്ങളാണ് ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കേന്ദ്ര എജൻസികൾ.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അനിവാര്യമായതിനാലാണ് ഇത്തരം ഒരു തിരുമാനം എന്നും ഉത്തരവ് വിശദീകരിയ്ക്കുന്നു. ഉപഭോക്താവും സേവന ദാതാവും പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നുള്ള നിർദേശവും ഉത്തരവിന്റെ ഭാഗമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് വിശ്വസനീയമായ ആഭ്യന്തരമന്ത്രാലയ വ്യത്തങ്ങൾ 24 നോട് വെളിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top