26
Mar 2019
Tuesday
100 News

കോൺജുറിംഗ് 3യും യഥാർത്ഥത്തിൽ നടന്ന സംഭവം; ആ കഥ ഇങ്ങനെ

ലോകമെമ്പാടുമുള്ളവരുടെ പേടി സ്വപ്‌നമാണ് കോൺജുറിംഗ് ഫിലിം സീരീസുകൾ. 2013 മുതൽ ലോകത്തെ പേടിപ്പിക്കാൻ തുടങ്ങിയ ഈ കഥകൾ എന്നാൽ വെറും’കഥകൾ’ അല്ല മറിച്ച് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്നാണ് പറയപ്പെടുന്നത്. സീരീസിൽ പ്രേതത്തെ ഒഴിപ്പിക്കാൻ എത്തുന്ന എഡ്-ലൊറെയ്ൻ വാറൻ ദമ്പതികളുടെ ജീവിതത്തിൽ നിന്നെടുത്ത കഥകളാണ് ചിത്രത്തിന് ആധാരം. കോൺജുറിംഗ് ഒന്നിനും രണ്ടിനും ശേഷം ഇതാണ് കോൺജുറിംഗ് 3 ഉം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

1981 ൽ നടന്ന ഒരു കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയം. കൊലപാതകക്കുറ്റത്തിന് ശിക്ഷപ്പെട്ട ആർണെ ചെയെൻ ജോൺസൻ എന്ന വ്യക്തിയുടെ കഥയാണ് കോൺജുറിംഗ് 3. കോടതിയിൽ വിചാരണയുടെ സമയത്ത് കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ജോൺസൻ നൽകിയ ഉത്തരമാണ് പിന്നാമ്പുറ കഥകളുടെ ചുരുളഴിക്കുന്നത്. ‘പ്രേതബാധ’ എന്നതായിരുന്നു അയാൾ നിരത്തിയ കാരണം.

കണക്ടികട്ടിലെ ഒരു ഒരു ട്രീ സർജനായിരുന്നു ജോൺസൻ. 1981 ൽ ഒരു പതിനാറാം തിയതി വെള്ളിയാഴ്ച്ചയാണ് അന്ന് 19 വയസ്സുകാരനായിരുന്ന ജോൺസൻ അലൻ ബോനോ എന്ന മാനേജറെ കുത്തി കൊലപ്പെടുത്തുന്നത്. എന്നാൽ അവിടെ നിന്നല്ല കഥ തുടങ്ങുന്നത്. കൊലപാതകത്തിന് ഒരു വർഷം മുമ്പ് ജോൺസൻ തന്റെ കാമുകി ഡെബ്ബി ഗ്ലാറ്റ്‌സലിന്റെ കുടുംബ വീട്ടിലേക്ക് താമസം മാറിയിരുന്നു.

വിചിത്ര സംഭവങ്ങൾ ആ വീട്ടിൽ അരങ്ങേറുന്നത് അന്ന് മുതലാണ്. ഒരു ദിവസം ഗ്ലാറ്റ്‌സെലിന്റെ അമ്മ കർട്ടൻ ഇട്ടുകൊണ്ടിരുന്നപ്പോൾ മകൻ ഡേവിഡ് പെട്ടെന്ന് കിടക്കയിലേക്ക് വീഴുന്നതുകണ്ടു. അന്ന് രാത്രിയാണ് മകൻ അമ്മയോട് പറയുന്നത്, ആരേ തന്നെ തള്ളിയിടുകയായിരുന്നുവെന്ന്. ഒരു വയസ്സായ മനുഷ്യനാണ് തന്നെ തള്ളിയിട്ടതെന്നും അയാളുടെ ശരീരമാകെ പൊള്ളിയിരുന്നുവെന്നും ‘സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പ് നൽകി തന്റെ നേർക്ക് വിരൽ ചൂണ്ടിയെന്നും ഡേവിഡ് അമ്മയോട് പറഞ്ഞു.

അതിന് ശേഷം മകന് 60 പൗണ്ട് തൂക്കം കൂടിയെന്നും വിചിത്രമായ ശബ്ദത്തിൽ മകൻ അലറുകയും, ചീറ്റുകയും ചെയ്യാറുണ്ടെന്നും ബൈബിളിലെയും മിൽട്ടന്റെ പാരഡൈസ് ലോസ്റ്റിലെയും വിചിത്ര വാക്യങ്ങൾ മകൻ ചൊല്ലി കേൾക്കാറുണ്ടെന്നും അമ്മ സാക്ഷ്യപ്പെടുത്തുന്നു. തന്റെ അകാശവാദങ്ങൾക്ക് ശക്തിപകരാൻ തെളിവായി ഒരു ചിത്രവും അമ്മ കാണിച്ചു.

12 വയസ്സുകാരനായ ഒരു വയറുന്തി പയ്യന്റെ ചിത്രമായിരുന്നു അത്. ജോൺസൻ കുട്ടിയെ ബലമായി പിടിച്ചുവെച്ചിരിക്കുന്ന ചിത്രമായിരുന്നു അടുത്തത്. ഡേവിഡിനെ സുഖപ്പെടുത്താൻ ബ്രൂക്ക്ഫീൽഡിലെ ഒരു പള്ളിയിൽ പോവുകയും പിന്നീട് വാർൻസിന്റെ അടുത്ത് അവർ എത്തുകയും ചെയ്തു. വാരൻസിനൊപ്പം സെന്റ് ജോസഫ് പള്ളിയിലെ നാല് പുരോഹിതരും എത്തിയാണ് അന്ന് കുട്ടിയെ സുഖപ്പെടുത്തിയത്.

എഡ്-ലൊറെയ്ൻ വാരൺ ദമ്പതികൾ അവിടെ എത്തിയപ്പോൾ തന്റെ കഴത്തിൽ ഏതോ അതൃശ്യ കരങ്ങൾ പിടിമുറുക്കിയെന്നും തന്നെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചുവെന്നും ലൊറെയ്‌നോട് ഡേവിഡ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ദേഹത്ത് 43 പിശാചുകളുണ്ടെന്ന് അവർ മനസ്സിലാക്കുന്നത്. കുട്ടിയെ ബാധകളിൽ നിന്നും പൂർണ്ണമായും ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ലെന്ന് കൂട്ടത്തിൽ ഒരു പുരോഹിതൻ ഫാ.വിർഗുലാക് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു.

കുട്ടിയുടെ ദേഹത്തുനിന്നും പുറത്താക്കപ്പെട്ട ചില പിശാചുകൾ ജോൺസന്റെ ദേഹത്ത് പ്രവേശിക്കുകയായിരുന്നു. കുട്ടി കാണിച്ചതുപോലെ ജോൺസനും ചീറ്റാനും അലറാനുമെല്ലാം തുടങ്ങി. ഈ ബാധയൊഴുപ്പിക്കലിന് മാസങ്ങൾ ശേഷമാണ് ജോൺസൻ കൊലക്കേസിൽ പ്രതിയാകുന്നത്.

ഒരുദിവസം ജോൺസനും, കാമുകി ഗ്ലേറ്റ്‌സലും, മാനേജർ ബോനോയും ഭക്ഷണം കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്താണ് മൂവർക്കുമിടയിൽ തർക്കമുണ്ടാകുന്നത്. തർക്കത്തിനൊടുവിൽ ജോൺസൻ ബോനോയെ കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ ജോൺസന്റെ ദേഹത്തുള്ള പിശാചുക്കളാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ഗ്ലേറ്റ്‌സെൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. എന്നാൽ കോടതി ഈ വാദങ്ങളെല്ലാം തള്ളി ജോൺസനെ ഒന്നാം പ്രതിയായി വിധിക്കുകയായിരുന്നു.

Top