സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഐയില്‍; തീരുമാനം സിപിഎമ്മില്‍ ചേരണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ മറികടന്ന്

സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു. സിപിഎമ്മില്‍ ലയിക്കാനുള്ള സംസ്ഥാന കമ്മറ്റിയുടെ തീരുമാനം തള്ളിയാണ് ജില്ലാ നേതൃത്വം സിപിഐയില്‍ ചേര്‍ന്നത്. പാലക്കാട് നടന്ന ലയനസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി മുരളി താരേക്കാടിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം സിപിഐയില്‍ ലയിച്ചത്. സിഎംപി പാലക്കാട് ജില്ലാ, ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തു. സിപിഎമ്മില്‍ ചേരുമെന്നായിരുന്നു സിഎംപി ഇടതു മുന്നണി വിഭാഗം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം. ഫെബ്രുവരി 3ന് കൊല്ലത്ത് ലയനസമ്മേളനം നടക്കാനിരിക്കെയാണ് ഒരു വിഭാഗം സിപിഐയിലേക്ക് പോയത്. പാലക്കാട് നടന്ന ലയന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് കാനം പറഞ്ഞു.
എം വി രാഘവനെ വഞ്ചിയ്ക്കുന്ന നിലപാടാണ് നിലവിലെ സംസ്ഥാന നേതൃത്വം സ്വീകരിച്ചതെന്ന് മുരളി താരേക്കാട് ആരോപിച്ചു. പാലക്കാട് നേതൃത്വം സിപിഐയില്‍ ലയിക്കുന്നതോടെ ജില്ലാ കമ്മറ്റി ഓഫീസ് സിപിഐ മണ്ഡലം കമ്മറ്റി ഓഫീസായി മാറും. 5 ഏരിയാ കമ്മറ്റികളും 12 ലോക്കല്‍ കമ്മറ്റികളും 40 ബ്രാഞ്ച് കമ്മറ്റികളിലുമായുള്ള അഞ്ഞൂറിലേറെ പാര്‍ട്ടി അംഗങ്ങള്‍ സിപിഐയില്‍ ലയിച്ചതായി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here