അന്വേഷണസംഘത്തെ മാറ്റണം; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ്

സംഗീത സംവിധായകൻ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് പിതാവ് സി.കെ ഉണ്ണി. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണം. ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങളിൽ ദുരുഹതയില്ലെന്നു പറയുന്നത് തെറ്റാണ്. തന്റെ മൊഴി പോലും എടുക്കാതെയാണ് ദുരുഹതയില്ലെന്ന പൊലീസിന്റെ വാദമെന്നും സികെ ഉണ്ണി പറഞ്ഞു.
ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദത്തിനു പിന്നാലെയാണ് അച്ഛൻ സി.കെ.ഉണ്ണിയുടെ ആരോപണം. പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും, ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങളിൽ ദുരുഹതയില്ലെന്നു പറയുന്നത് തെറ്റാണെന്നാണ് അച്ഛന്റെ ആരോപണം. പൊലീസിന് അറിയാത്ത സാമ്പത്തിക ഇടപാടുകൾ ഉണ്ടാകാം. തന്റെ മൊഴി പോലും എടുക്കാതെയാണ് സാമ്പത്തിക കാര്യങ്ങളിൽ ദുരൂഹതയില്ലെന്നു പറയുന്നതെന്നും സി.കെ.ഉണ്ണി പറഞ്ഞു.
Read More: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-01-2019)
അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐ.പി.എസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും സി.കെ.ഉണ്ണി പറഞ്ഞു. ആയുർവേദ റിസോർട്ടിലെ സ്ത്രീയുമായുള്ള സാമ്പത്തിക ഇടപാടും സമഗ്രമായി അന്വേഷിക്കണമെന്ന് സി.കെ.ഉണ്ണി ആവശ്യപ്പെട്ടു. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻപ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here