Advertisement

അംഗൻവാടിയിലെ കുട്ടികളെ കൊണ്ട് താമര പതിച്ച പ്ലക്കാര്‍ഡുകള്‍ പിടിപ്പിച്ച ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

February 1, 2019
Google News 1 minute Read
children

അംഗൻവാടിയിലെ വിദ്യാര്‍ത്ഥികളെകൊണ്ട് താമര പതിച്ച പ്ലക്കാര്‍ഡുകള്‍ പിടിപ്പിച്ച ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. താമരശ്ശേരി തേറ്റാമ്പുറം അംഗൻവാടിയിലെ റിപ്പബ്ലിക് ദിന റാലിയിലാണ് കുട്ടികളെ കൊണ്ട് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിച്ച പ്ലക്കാര്‍ഡുകള്‍ പിടിപ്പിച്ചത്.  അംഗൻവാടി വർക്കർ കെ വി ജയ, ഹെൽപ്പർ കൈരളി എന്നിവരെയാണ്  സാമൂഹ്യക്ഷേമവകുപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അംഗൻവാടി അടച്ചിടാനും നിർദ്ദേശം നൽകി.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ റാലിയിലാണ് തേറ്റാമ്പുറം അംഗൻവാടി കുട്ടികളുടെ കൈയിൽ കാവി നിറത്തിലുള്ള താമര ചിഹ്നം പതിച്ച പ്ലക്കാർഡുകൾ നൽകിയത്. റാലിയുടെ ചിത്രങ്ങൾ, ബിജെപി മണ്ഡലം ഭാരവാഹി സോഷ്യൽ മീഡിയയിൽ  പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.   കൊടുവള്ളി ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ സുബൈദയുടെ  നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പ്രത്യേക സംഘം അംഗൻവാടിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രധാന ചടങ്ങുകൾക്ക് ശേഷം താൻ ഒരു മരണ വീട്ടിലേക്ക് പോയിരുന്നു എന്നും പിന്നീട് നടന്നത് എന്തെന്ന് അറിഞ്ഞില്ലെന്നുമാണ്  അംഗൻവാടി ജീവനക്കാരി  കെ.വി.ജയ അന്ന് പ്രതികരിച്ചത്.അതേസമയം പ്ലക്കാര്‍ഡ് തയ്യാറാക്കിയതില്‍ പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍  ബോധ്യപ്പെട്ടതിനെ തുടർന്ന് സി.ഡി.പി.ഒ സുബൈദ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗൻവാടി വർക്കർ കെ വി ജയ, ഹെൽപ്പർ കൈരളി എന്നിവരെ  സാമൂഹ്യക്ഷേമവകുപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ ചൊല്ലി പ്രദേശത്ത് ബി ജെ പി – ഡിവൈഎഫ്ഐ സംഘർഷസാധ്യത നിൽക്കുകയാണ്. ഇക്കാരണത്താലാണ്  അംഗൻവാടി അടച്ചിടാന്‍ സി.ഡി.പി.ഒ  നിർദ്ദേശം നൽകിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here