തേജസ്വി യാദവ് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണം; കോടതിയുടെ സമയം പാഴാക്കിയതിന് 50,000 രൂപ പിഴ

മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച പാട്‌ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് തേജസ്വി യാദവ് സുപ്രീംകോടതിയെ സമീപിച്ചത്. തേജസ്വിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം പാഴാക്കിയതിന് 50,000 പിഴയൊടുക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാട്‌ന കോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ച തേജസ്വിയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ബംഗ്ലാവ് ഉടന്‍ ഒഴിയണമെന്നും നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് വിട്ടുനല്‍കണമെന്നും കോടതി വ്യക്തമാക്കി.
മഹാസഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്താണ് തേജസ്വിക്ക് ബംഗ്ലാവ് അനുവദിച്ചിരുന്നത്. പിന്നീട് ഉപമുഖ്യമന്ത്രി പദം നഷ്ടമായപ്പോള്‍ ബംഗ്ലാവ് ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തേജസ്വി അതിന് തയ്യാറായില്ല. സര്‍ക്കാരിനെതിരെ പാട്‌ന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് തേജസ്വി സുപ്രീംകോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here