കന്യാസ്ത്രീകളെ പിന്തുണച്ചുള്ള കണ്‍വെന്‍ഷനിടെ കോട്ടയത്ത് സംഘര്‍ഷം; ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധിച്ചെത്തി

ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിടെ സംഘര്‍ഷം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നവര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നവരും എത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കി.
സിസ്റ്റര്‍ അനുപമ സംസാരിച്ച് ഇറങ്ങിയതിന് പിന്നാലെ വേദിക്ക് സമീപം നില്‍ക്കുകയായിരുന്ന 3 പേര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചെത്തുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ മറ്റ് ചിലരും എത്തി. കന്യാസ്ത്രീകള്‍ക്കെതിരെ ബാനറുകള്‍ ഇവര്‍ കരുതിയിരുന്നു. ക്രൈസ്തവ സഭയെ തകര്‍ക്കുക, ബിഷപ്പിനെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കണ്‍വെന്‍ഷന്‍കൊണ്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലില്‍ ഉദ്ദേശിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കന്യാസത്രീകള്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതയില്‍ നിന്നും മാത്രമാണ് പുറത്താക്കിയിരിക്കുന്നതെന്നും ബിഷപ്പ് സ്ഥാനത്ത് തുടരുന്ന ഫ്രാങ്കോയെ തരം താഴ്ത്തണമെന്നും സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. സൂചന സമരമെന്ന നിലയിലായിരുന്നു കോട്ടയത്ത് ഇന്ന് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here