സോളാര്‍ തട്ടിപ്പ്; സരിതയ്ക്കും ബിജുവിനുമെതിരായ കേസില്‍ വിധി പറയുന്നത് 18 ലേക്ക് മാറ്റി

സോളാര്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായി ടി സി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിധി പറയാന്‍ മാറ്റി. തിരുവനനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് ഈ മാസം പതിനെട്ടിലേക്ക് മാറ്റിയത്. സ്റ്റെനോഗ്രാഫര്‍ അവധി ആയതിനാലാണ് കേസ് മാറ്റിയത്. കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും, സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സോളാര്‍ കേസ്. 2013 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. പ്രതികളുടെ സ്ഥാപനമായ ഐസിഎംഎസ് പവര്‍ ആന്‍ഡ് കണക്ടിന്റെ പേരിലാണു ചെക്ക് നല്‍കിയതെന്ന് സാക്ഷി മൊഴി നല്‍കി.
ടി സി മാത്യു നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും.

ടീം സോളാര്‍ എന്ന വിവാദ കനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ കമ്പനിയുടെ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പന്‍, ജിക്കു ജേക്കബ്, സലിംരാജ് എന്നിവര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരുമായി ഒരു വര്‍ഷത്തിലധികം നിരന്തരം ബന്ധം പുലര്‍ത്തിയി്ന്നുവെന്നും കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top