Advertisement

‘കേസ് കൊടുക്കാനാണ് മഹല്‍ കമ്മിറ്റിയുടെ തീരുമാനമെങ്കില്‍ അത് അബദ്ധമാകും’: മഹല്ലില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ്

February 14, 2019
Google News 1 minute Read

പാലക്കാട് തൃത്താലയില്‍ മുസ്ലീം കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കിയ സംഭവം ഡാനിഷ് റിയാസ് എന്ന ചെറുപ്പക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് പുറംലോകമറിഞ്ഞത്. മഹലില്‍ നിന്നും പുറത്താക്കിയ നടപടി ഉണ്ടായിട്ട് 46 ദിവസം പിന്നിടുന്നു. നാളെ മഹല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ചയാകും. മഹല്ലില്‍ വിലക്കേര്‍പ്പെടുത്തിയത് ഔദ്യോഗികമായി കമ്മിറ്റിയില്‍ അംഗീകരിക്കുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡാനിഷ് പറയുന്നു. മഹല്‍ കമ്മിറ്റിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്ന തനിക്കെതിരേയും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേയും കേസ് കൊടുക്കുമെന്ന് പറഞ്ഞു കേട്ടു. അങ്ങനെയാണെങ്കില്‍ അത് വലിയ അബദ്ധമാകുമെന്നും അത് നിലനില്‍ക്കുന്നതല്ലെന്നും ഡാനിഷ് പറയുന്നു.

ഡാനിഷിന്റെ കുടുംബത്തിന് ഒരു തരത്തിലും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന രീതിയില്‍ ആലൂര്‍ മഹല്‍ കമ്മിറ്റി സെക്രട്ടറി അസീസ് പറഞ്ഞതായുള്ള ചില മാധ്യമങ്ങളിലെ പ്രതികരണത്തോട്, അങ്ങനെയായിരുന്നുവെങ്കില്‍ മൂന്ന് ദിവസം മുന്‍പ് തനിക്ക് ഫെയ്്‌സ്ബുക്കില്‍ പോസ്റ്റിടേണ്ടി വരില്ലായിരുന്നുവെന്ന് ഡാനിഷ് പറയുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ അനിയന്‍ മഹല്‍ കമ്മിറ്റിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നോക്കട്ടെ, പരിഗണിക്കാം എന്നുപറഞ്ഞ് അവഗണിക്കുകയാണ് ചെയ്തത്. വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അനിയനാണ് കത്ത് നല്‍കിയത്. ഇത് അവര്‍ കൈപ്പറ്റിയിരുന്നുവെന്നും ഡാനിഷ് കൂട്ടിച്ചേര്‍ത്തു.

Read more: സ്ത്രീകൾ വേദിയിലെത്തി ഫോട്ടോയെടുത്തു; വിചിത്ര ന്യായങ്ങൾ ഉന്നയിച്ച് മുസ്ലീം കുടുംബത്തെ മഹല്ലിൽ നിന്നും പുറത്താക്കി

വിലക്കിനെ സംബന്ധിച്ച് മഹല്‍ കമ്മിറ്റി അനിയനെ ഫോണില്‍ വിളിച്ചറിയിക്കുകയാണ് ചെയ്തത്. ഔദ്യോഗിക വസതിയിലേക്ക് വിളിപ്പിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടില്ല. അത് അവര്‍ നല്‍കുകയുമില്ല. ഒരു മഹല്ലിലും നടക്കാത്ത കാര്യമാണിത്. സാധാരണ ജനറല്‍ ബോഡി വിളിച്ച് പുറത്താക്കല്‍ നടപടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഏത് കുടുംബത്തെയാണോ മഹല്ലില്‍ നിന്നും പുറത്താക്കിയത് അവരെ മഹല്ലില്‍ സഹകരിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കും. മഹല്‍ നിവാസികള്‍ അത് അനുസരിക്കുകയാണ് പതിവ്. തനിക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ല, അനിയനും ഭാര്യയും, അമ്മയും അടങ്ങുന്ന കുടുംബത്തെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നും ഡാനിഷ് പറയുന്നു. മഹല്ലില്‍ വര്‍ഷങ്ങളായുള്ള ആചാരണങ്ങളാണിതൊക്കെ. രണ്ട് വര്‍ഷം മുന്‍പ് തന്റെ വിവാഹത്തിനും ഗാനമേള ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. മഹല്‍ കമ്മിറ്റി ഇടപെട്ട് അത് നിര്‍ത്തിച്ചു. തന്റെയും ഭാര്യയുടേയും ഫോട്ടോ പതിപ്പിച്ച ഫ്‌ളേക്‌സും മാറ്റി. നിക്കാഹിന്റെ രംഗങ്ങള്‍ ടി വിയില്‍ കാണിച്ചിരുന്നു. അത് ശരില്ലെന്ന് പറഞ്ഞ് വിലക്കി. അന്നത്തെ സംഭവം വളരെ വിളമിപ്പിക്കുന്നതായിരുന്നു. നടപടിയൊന്നും എടുക്കാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ഡാനിഷ് പറയുന്നു.

ഡിസംബര്‍ 28 ന് സഹോദരന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന റിസപ്ഷനിടയിലാണ് വിലക്കിന് ഇടയാക്കിയ സംഭവം നടക്കുന്നത്. സ്ത്രീകള്‍ സ്റ്റേജില്‍ കയറി ഫോട്ടോയെടുക്കു, മൈക്കില്‍ കൂടി സംസാരിച്ചു തുടങ്ങി നാല് കാരണങ്ങള്‍ ചൂണ്ടക്കാട്ടിയാണ് ഡാനിഷിനേയും കുടുംബത്തേയും മഹല്ലില്‍ നിന്നും പുറത്താക്കിയത്. ഡാനിഷ് ഫെയ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായിരുന്നു. തൃത്താല ആലൂര്‍ സ്വദേശിയും ബിസിനസുകാരനുമായ ഡാനിഷ് റിയാസ് കൊച്ചിയിലാണ് താമസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here