Advertisement

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പഴയതല്ല, പുത്തന്‍ പുതിയത്; പ്രൊഡക്ഷന്‍ ഡിസൈനര്‍ സംസാരിക്കുന്നു

February 20, 2019
Google News 2 minutes Read
jyothish

തീട്ടപ്പറമ്പിലെ സജിയുടേയും സഹോദരങ്ങളുടേയും ആ  വാതിലില്ലാത്ത, തേക്കാത്ത ചുവരുകളുള്ള  വീട് പഴയതല്ല കെട്ടോ, സിനിമയുടെ ചിത്രീകരണത്തിന് രണ്ട് മാസം മുമ്പ് പുതിയതായി പണിഞ്ഞ വീടാണത്. സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ നല്ല അസല്‍ സെറ്റ്.   ആ  വീടിനെ ‘പണിത്’ പഞ്ചായത്തിലെ ഏറ്റവും മോശമായ വീടാക്കിയെടുത്തത് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ‍ഡിസൈനറായ ജ്യോതിഷ് ശങ്കറാണ്.


നെപ്പോളിയന്റെ മക്കളോളം സ്ഥാനം ഈ വീടിന് കുമ്പളങ്ങി നൈറ്റ്സിലുണ്ട്. വാതിലുകളില്ലാത്ത എല്ലാവരേയും സ്വീകരിക്കുന്ന ആ വീട് ഒരു രക്ഷകര്‍ത്താവിന്റെ റോളിലേക്ക് മാറുന്നത് സിനിമ പുരോഗമിക്കുന്നതിനിടെ നമ്മള്‍ പോലും അറിയാതെയാണ്. സെറ്റാണെന്ന് നമ്മളെ അറിയിക്കാതെയാണ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ ജ്യോതിഷ് ഈ വീട് സൃഷ്ടിച്ചത്.


വീടൊക്കെ തേച്ച്, വാതിലിട്ടാല്‍ മാറാവുന്ന പ്രശ്നമേ നമുക്കുള്ളൂ എന്ന് സജി പറയുമ്പോഴെല്ലാം നമ്മള്‍ കരുതിയത് ഇത് പണി പൂര്‍ത്തായാകാത്ത ഏതോ ഒരു വീടാണെന്നാണ്. കുമ്പളങ്ങിയിലെ ആ ഒഴിഞ്ഞ തുരുത്തില്‍ ജ്യോതിഷ് ശങ്കറും പണിക്കാരും ചേര്‍ന്ന് രണ്ടാഴ്ചകൊണ്ട് പണിത സെറ്റാണിതെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. ആ വീടിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പൽപോലും ഉണ്ടാക്കിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമുണ്ടാകും.

ReadAlso: ഫഹദിക്ക ‘ഷമ്മി’യായി ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ ‘സിമി’യ്ക്ക് ഭയമൊക്കെ താനെ വന്നോളും; ഗ്രേസ് ആന്റണി
ജ്യോതിഷ് ശങ്കറിന്റെ  മുമ്പുള്ള സിനിമകളെ കുറിച്ച് അറിയുന്നവര്‍ക്ക് പക്ഷേ അത് ഒരു അത്ഭുതമായിരിക്കില്ല. എന്നാല്‍ ജ്യോതിഷ് വര്‍ക്ക് ചെയ്ത സിനിമകളില്‍ സെറ്റ് കണ്ട് തിരിച്ചറിയാതെ തീയറ്റര്‍ വിട്ട ആളുകളാണ് നമ്മളില്‍ പലരും. ആദാമിന്റെ മകന്‍ അബുവിലെ അബുവിന്റെ വീട്, തൊണ്ടി മുതലിലെ പോലീസ് സ്റ്റേഷന്‍, ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ വീട് ഇതൊക്കെ ജ്യോതിഷിന്റെ സെറ്റായിരുന്നു.


നെപ്പോളിയെന്റെ മക്കളുടെ വീട്  

നെപ്പോളിയെന്റെ മക്കളുടെ വീടിന്റെ കഥ ജ്യോതിഷ് ശങ്കര്‍ തന്നെ ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ്.  തുറവൂര്‍ പള്ളിത്തോട് പാലത്തിന് സമീപത്ത് നിന്ന് ഇടത്തേക്ക് പോകുമ്പോള്‍ എത്തുന്ന സ്ഥലമാണിത്. മത്സ്യ കൃഷി നടത്തുന്ന  തുറസ്സായിരുന്ന പറമ്പ്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ഈ സ്ഥലം കാണിച്ച് തരുന്നത്.  വീട് പണിയാന്‍ 15ദിവസമാണ് എടുത്തത്. പായല്‍ വളര്‍ത്താല്‍ രണ്ട് മാസം എടുത്തു. പായല്‍ മിഷ്യന്‍ കൊണ്ട് സ്പേ ചെയ്തശേഷം ദിവസവും നനച്ചു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ പഴയ വീടിന്റെ ഒരു  ലുക്ക് ആന്റ് ഫീല്‍ ലഭിച്ചു.


മുപ്പത് പേരോളം എന്നോടൊപ്പം ഉണ്ടായിരുന്നു. കൂട്ടായ വര്‍ക്കായിരുന്നു.  പ്ലാനും മറ്റും ഫിക്സ് ചെയ്യാന്‍ മധുവും ശ്യാമും ഉണ്ണിമായും എല്ലാവരും ഉണ്ടായി. അടവൊന്നുമില്ലാത്ത വീട്, കഥാപാത്രങ്ങള്‍ക്ക് നല്ല മനസ്, പണി പൂര്‍ത്തായാകാത്ത വീട്… പറയുമ്പോള്‍ പൂര്‍ണ്ണതയില്ലെങ്കിലും ആ വീടും സിനിമയിലെ പൂര്‍ണ്ണതയുള്ള ഒരു കഥാപാത്രമായി. എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയുടെ സെറ്റിലാണ്. ഷൂട്ടിംഗ് പൂര്‍ത്തായാകാനായി.


ജ്യോതിഷിന്റെ ആദ്യത്തെ സിനിമ ‘ആദാമിന്റെ മകന്‍ അബു’ ആയിരുന്നു.  അതിലെ അബുവിന്റെ വീട് സെറ്റായിരുന്നു.

മുപ്പതോളം സിനിമകളില്‍ ജ്യോതിഷിന്റെ സെറ്റ് നമ്മള്‍ കണ്ട് കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ അതൊന്നും നമ്മളുടെ കണ്ണില്‍ നിന്ന് മാറി നിന്നില്ല. സിനിമയോയും കഥാപാത്രത്തോടും കഥയോടും ചേര്‍ന്ന് ‘സെറ്റാ’യി നിന്നു.

കുഞ്ഞനന്തന്‍ എന്ന സിനിമയിലെ കടയും,  മുന്നറിയിപ്പില്‍ മമ്മൂട്ടി അവസാനം താമസിക്കുന്ന വീടും, പത്തേമാരിയിലെ എല്ലാ വീടുകളും,  ‘പ്രവാസി മുറി’കളുമെല്ലാം സെറ്റായിരുന്നു. കൃത്രിമത്വം തോന്നാത്ത കഥാഗതിയോട് ചേര്‍ന്ന് നില്‍ക്കുന്ന റിയലിസ്റ്റിക് ഫീല്‍ ന്ല‍കുന്ന സെറ്റുകള്‍ തന്നെയാണ് ജ്യോതിഷിന്റേത്. എന്നാല്‍ ഇബ് ലീസ് എന്ന ചിത്രത്തില്‍ സെറ്റാണെന്ന് തോന്നിക്കുന്ന തരത്തില്‍ പ്രത്യേകതയുള്ള സെറ്റുകളും ജ്യോതിഷ് സൃഷ്ടിച്ചിട്ടുണ്ട്.


തൊണ്ടി മുതലില്‍ ഷേണിയിലെ പഴയ ക്ലബ് പൊളിച്ച് രണ്ട് നില കെട്ടിടം പണിഞ്ഞാണ് ജ്യോതിഷ് പോലീസ് സ്റ്റേഷന്റെ സെറ്റിട്ടത്. ആരും കാണാത്ത ഡീറ്റെയിലിഗ് നല്‍കിയായിരുന്നു പോലീസ് സ്റ്റേഷന്റെ കഥാപാത്രസൃഷ്ടി.  എടത്വ സ്വദേശിയാണ് ജ്യോതിഷ്. മാവേലിക്കര രവിവര്‍മ്മ കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് പൂര്‍ത്തിയാക്കിയ ജ്യോതിഷിന്റെ അടുത്ത മാജിക്ക് ‘വൈറസി’ല്‍ കാണാം.

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ വീടിന്റെ നിര്‍മ്മാണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഇതാ

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here