Advertisement

ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല, പക്ഷേ മകന് വേണ്ടി ഏതറ്റം വരെയും പോകും: കൃപേഷിന്റെ അച്ഛന്‍

February 21, 2019
Google News 1 minute Read

ജീവിച്ചിരിപ്പുണ്ടെങ്കില്‍ മകന് നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. മകന്‍ വിശ്വസിച്ച പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമെന്നും കൃഷ്ണന്‍ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ കൈയില്‍ പണമില്ല. പക്ഷേ കോണ്‍ഗ്രസ് സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കൃഷ്ണന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനെ മുന്‍പ് തന്നെ അറിയാം. അയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അറിയില്ല. കൊലപാതകത്തില്‍ രാഷ്ട്രീയമുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ അക്കാര്യമൊക്കെ അതില്‍ തെളിയുമെന്നും കൃഷ്ണന്‍ പറഞ്ഞു.

Read more: തെളിവുണ്ടെങ്കിൽ അന്വേഷണ ഏജൻസിയെ അറിയിക്കണം; ശരത് ലാലിന്റെ അച്ഛനോട് കോടിയേരി

കൊലപാതകത്തില്‍ ഒന്നുമറിയില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഒന്നുമറിയില്ലെങ്കില്‍ പന്ത്രണ്ട് പേരെ കോടിയേരി പുറത്താക്കട്ടെയെന്നും കൃഷ്ണന്‍ പറഞ്ഞു. പീതാംബരന്‍ ഒറ്റയ്ക്ക് കൊലപാതകം ചെയ്യില്ല. പീതാംബരനെ പാര്‍ട്ടി പുറത്താക്കിയത് നാടകം. പീതാംബരനെ പുറത്താക്കിയതുകൊണ്ട് മാത്രം ആയില്ല. അതുകൊണ്ട് എന്താണര്‍ത്ഥം. ജീവിച്ചിരിപ്പിണ്ടുങ്കില്‍ മകനുവേണ്ടി ഏതറ്റം വരെയും പോകും. ജീവിച്ചിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും സിപിഐഎം അനുഭാവികൂടിയായ കൃഷ്ണന്‍ പറഞ്ഞു.

കൃപേഷിനോട് പീതാംബരന് മാത്രമായിരുന്നില്ല വൈരാഗ്യം. മറ്റ് നാല് പേര്‍ക്ക് കൂടിയുണ്ട്. വത്സന്‍, ഓമനക്കുട്ടന്‍, അച്യുതന്‍, രവി എന്നിവര്‍ക്ക് വൈരാഗ്യമുണ്ട്. കൃപേഷ് വണ്ടിയില്‍ പോകുന്നതൊന്നും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും വൈരാഗ്യത്തിന് കാരണമായെന്നും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പെരിങ്കളിയാട്ടം കഴിഞ്ഞ് കൃപേഷിനെ ദുബായിലേക്ക് അയക്കാന്‍ തീരുമാനിച്ചതായിരുന്നു. പോകുന്നതിനുള്ള പേപ്പറും മറ്റും അവന്റെ ചേട്ടന്മാര്‍ ശരിയാക്കി വരികയായിരുന്നു. പെരിങ്കളിയാട്ടം കഴിഞ്ഞ് പോകാമെന്ന് അവന്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here