എസ്‌റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിച്ച നടപടി; റവന്യൂമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് തേടി

കൊല്ലം തെന്‍മലയിലെ റിയ എസ്‌റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിച്ച വിഷയത്തില്‍ ജില്ലാ കളക്ടറെ തള്ളി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംഭവത്തില്‍ റവന്യൂമന്ത്രി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. ഹാരിസണ്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും വ്യവസ്ഥകളോടു കൂടി മാത്രമേ നികുതി ഈടാക്കുകയുള്ളൂവെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്‍മല വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു.
Read Also: ഹാരിസണ്‍ ഭൂമി കേസ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കഴിഞ്ഞ ജനുവരിയിലാണ് എസ്‌റ്റേറ്റിന്റെ ഭൂനികുതി വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത്. റിയ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിലപാട്. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പിന്റെ നിലപാടിന് വിരുദ്ധമായി നികുതി സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here