Advertisement

ആ സിനിമകളൊന്നും ഞാന്‍ സെലക്റ്റ് ചെയ്തതല്ല, സിനിമ എന്നെ സെലക്റ്റ് ചെയ്യുകയായിരുന്നു: നിമിഷ സജയന്‍

February 28, 2019
Google News 1 minute Read
nimisha

നിമിഷ സജയന്‍ എന്ന നടിയെ  മലയാള സിനിമ കണ്ട് തുടങ്ങിയിട്ട് രണ്ട് വര്‍ഷം. കൃത്യമായി പറഞ്ഞല്‍ ഒരു വര്‍ഷവും എട്ട് മാസവും. 2017 ജൂണിലാണ് നിമിഷ നായികയായി എത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും തീയറ്ററുകളില്‍ എത്തുന്നത്.  ഈ ചുരുങ്ങിയ കാലത്തിനിടെ നിമിഷ ചെയ്തത് അഞ്ച് ചിത്രങ്ങളാണ്. അതില്‍ അവസാനം ചെയ്ത രണ്ട് ചിത്രത്തിങ്ങളിലെ അഭിനയത്തിനാണ്  മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷ സ്വന്തമാക്കിയത്.

നിമിഷ അഭിനയിച്ച എല്ലാ സിനിമകളിലും കേരളത്തോട്, മലയാളിയോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന എന്തെങ്കിലും അംശമുണ്ടായിരിക്കും. ഒരു മുബൈ മലയാളി എങ്ങനെയാണ് ഇത്തരം സിനിമകളിലെത്തിപ്പെടുന്നതെന്ന് നിമിഷയെ അറിയുന്ന എല്ലാവരിലും സ്വാഭാവികമായി ഉയരുന്ന സംശയമാണ്. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് നിമിഷ.

രണ്ട് വര്‍ഷത്തിനകത്ത് കേവലം അഞ്ച് സിനിമകള്‍? എല്ലാം ചര്‍ച്ചയാകപ്പെട്ട സിനിമകള്‍.. എങ്ങനെയാണ് ആ ഫില്‍ട്ടറിംഗ് പ്രൊസസ്?

ഒരിക്കലും ഞാന്‍ സെലക്ടീവ് അല്ല. ഓരോ സിനിമയും എന്നെ തേടി വന്നതാണ്. തൊണ്ടി മുതലില്‍ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. പിന്നീട് അങ്ങോട്ട് എന്ന് തേടി വന്ന കഥകളിലാണ് ഞാന്‍ അഭിനയിച്ചത്. അല്ലാതെ ഞാന്‍ ഒരിക്കലും സെലക്ടീവ് ആയിട്ടില്ല. 


ഈട കഴിഞ്ഞപ്പോള്‍ മധു ചേട്ടന്‍ ചിത്രമായി എത്തുകയായിരുന്നു. ഞാന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇങ്ങനെ തന്നെയായിരുന്നു. എന്നെ തേടി ആ കഥാപാത്രങ്ങളെല്ലാം വന്ന് ചേരുകയായിരുന്നു. നല്ല സിനിമകളില്‍ അഭിനയിക്കുക, നല്ല സംവിധായകരുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യുക എന്നത് തന്നെയാണ് ഇപ്പോഴും മനസിലുള്ളത്. ആദ്യ സിനിമ അഭിനയിക്കുമ്പോള്‍ മുതല്‍ അത് തന്നെയാണ് എന്റെ മനസില്‍.

അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം, എന്ത് തോന്നുന്നു?

ഒരു മികച്ച നടിയായി എന്ന് സംസ്ഥാനം അംഗീകരിച്ച് അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ നമ്മള്‍ ഇത് വരെ ചെയ്യുന്ന വര്‍ക്ക് നന്നാവുന്നുണ്ട്, ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷമാണ് ഇപ്പോള്‍.  രണ്ടാമത്തെ വര്‍ഷം തന്നെ ഒരു അവാര്‍ഡ് ലഭിച്ചതെന്ന സന്തോഷം ഉണ്ട്. എന്നാലും അതിനേക്കാളേറെ എനിക്ക് സന്തോഷം നല്‍കുന്നത് നേരത്തെ പറഞ്ഞതാണ്..

ചോലയിലേക്ക് എത്തുന്നതെങ്ങനെയാണ്? 

സനലേട്ടന്‍ ഈട കണ്ടിട്ടാണ് എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഒരു ഇന്റിപെന്റന്റ് ഡയറക്ടറുടെ കൂടി ജോലി ചെയ്യണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. പ്രോജക്റ്റുമായി സനലേട്ടന്‍ വന്നപ്പോള്‍ തന്നെ ഞാന്‍ എക്സൈറ്റഡായി. സനലേട്ടന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.

ചോലയുടേത് ഒരു ചെറിയ ടീമായിരുന്നു. ചെറിയ രീതിയിലായിരുന്നു ഷൂട്ടും കാര്യങ്ങളുമെല്ലാം. ആ സിനിമയുടെ പേര് ഇങ്ങനെ ഉയര്‍ന്ന് കേല്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്.

ചോലയില്‍ സ്ക്കൂള്‍ യൂണിഫോം ഇട്ട് സ്ക്കൂള്‍ കുട്ടിയായാണ് അഭിനയിച്ചത്. ശരിയാകുമോ എന്ന് ഭയമുണ്ടായിരുന്നു. സനലേട്ടന്‍ ക്യാരക്ടര്‍ ഇങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കി തരുമായിരുന്നു.

സംസ്ഥാനത്തെ മികച്ച നടി, ഈ പുരസ്കാരം നിമിഷ എന്ന വ്യക്തിയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? 

തൊണ്ടി മുതല്‍ ഇറങ്ങിയ വര്‍ഷം എല്ലാവരും പറഞ്ഞിരുന്നു ആ വര്‍ഷം അവാര്‍ഡ് ലഭിക്കുമെന്ന്. അത് കൊണ്ട് ഇത്തവണ അവാര്‍ഡ് ലഭിക്കും എന്ന് എല്ലാവരും പറഞ്ഞെങ്കിലും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപനം കേട്ടപ്പോള്‍ ബ്ലാങ്ക് ആയിപ്പോയി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നത് തന്നെയാണ് ഇപ്പോള്‍ മനസിലുള്ളത്.

പ്രഖ്യാപനം കേട്ട നിമിഷം? 

അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അനു ചേച്ചി (അനുസിത്താര) ഇവിടെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. അനു ചേച്ചിയുമായി നല്ല അടുപ്പമാണ്.  മികച്ച നടിമാരുടെ ലിസ്റ്റില്‍ ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. എന്റെ പേര് ഉണ്ടെന്ന് പറഞ്ഞ് ചേച്ചീ തലേന്ന് തന്നെ വീട്ടിലേക്ക് പോന്നു. പ്രഖ്യാപനം കഴിഞ്ഞിട്ടാണ് ചേച്ചി പിന്നെ പോയത്.
എന്റെ പേര് കേട്ടപ്പോള്‍ ആകെ ബ്ലാങ്ക് ആയിപ്പോയി. ഇന്നലത്തെ ഒറ്റ ദിവസം മാത്രമേ ഹാങ് ഓവര്‍ ഉണ്ടായുള്ളൂ. ഇപ്പോള്‍ ഞാന്‍ പ്രഖ്യാപനത്തിന് മുമ്പുള്ള നിമിഷയിലേക്ക് മടങ്ങിയെത്തി.

സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് സമ്മാനം വാങ്ങി വരുമ്പോള്‍ പപ്പയും മമ്മിയും സന്തോഷിക്കും , നന്നായെന്ന് പറയും, പിന്നെ ആ ടോപിക് വിടും. അങ്ങനെയാണ് വീട്ടില്‍.  

അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞ് സിനിമാ മേഖലയിലുള്ള മുതിര്‍ന്ന ഒത്തിരി പേര്‍ വിളിച്ചു. ഇപ്പോഴും വിളിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട്.

മുബൈയില്‍ കോണ്‍വെന്റ് സ്ക്കൂളിലാണ് പഠിച്ചത്. കരാട്ടെയ്ക്ക് മുബൈയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് സ്കകൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഫിലോ എല്ലാ മത്സരങ്ങള്‍ക്കും പോകുമ്പോള്‍ പറയും മോളേ സമ്മാനം വാങ്ങി വരണേ എന്ന് . സിസ്റ്റര്‍ മലയാളിയാണ്. അന്നൊക്കെ പ്രൈസ് കിട്ടിയാല്‍ അപ്പോള്‍ തന്നെ സിസ്റ്ററുടെ കൈയ്യില്‍ കൊണ്ട് കൊടുക്കും.  ഇന്ന് എന്റെ ഫോട്ടോ പത്രങ്ങളില്‍ കണ്ട് ആ സിസ്റ്റര്‍ എന്നെ വിളിച്ചു. മികച്ച നടിയ്ക്കുള്ള ഈ അവാര്‍ഡ് വാങ്ങാന്‍ പോകുമ്പോള്‍ എന്റെയൊപ്പം വരണമെന്ന് സിസ്റ്ററിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. 

പുതിയ സിനിമ

കണ്ണൂരില്‍ ലാല്‍ ജോസ് സാറിന്റെ സെറ്റിലാണിപ്പോള്‍. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.  കണ്ണൂരിലെ രാഷ്ട്രീയും, ജാതി രാഷ്ട്രീയവുമെല്ലാം പറയുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിന്റെ റിഹേഴ്സലടക്കമുള്ളവ  തുടങ്ങിക്കഴിഞ്ഞു.  മറ്റ് രണ്ട് പ്രൊജറ്റുകളുകൂടിയുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here