അമേഠിയില്‍ എ കെ 47 തോക്ക് നിര്‍മ്മാണ യൂണിറ്റ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ പുതിയ എ.കെ 47 തോക്ക് നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഉദ്ഘാടനം ചെയ്യും. കൗഹാറിലെ കോര്‍വ ആയുധനിര്‍മാണ ശാലയിലാണ് എ കെ 47 തോക്കുകള്‍ക്കായിപുതിയ യൂണിറ്റ് ആരംഭിക്കുന്നത്. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ അത്യാധുനിക എ കെ 47 നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്.പുതിയ യൂണിറ്റില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതു തലമുറയില്‍പ്പെട്ട തോക്കുകളായിരിക്കും ഇവിടെ നിര്‍മിക്കുക. ഏഴരലക്ഷത്തോളം തോക്കുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ കരാറായിരിക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അമേഠിയിലെ തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ലഭിക്കും.

Read Also: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ഇന്തോ- റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേല്‍നോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുക. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വിവിധ ഊര്‍ജ, വിദ്യാഭ്യാസ, ആരോഗ്യ, നിര്‍മാണ മേഖലകളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. ഇതിനു പുറമേ അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയിലും മോദി സംസാരിക്കും.

Read Also: ‘ബിജെപിയിലേക്ക് സംഭാവന നല്‍കൂ’; നരേന്ദ്ര മോദി ആപ്പിലൂടെ അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രിയായതിനു ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എത്തുന്നതെന്നും ശ്രദ്ധേയമാണ്. മിഖായേല്‍ കലാഷ്‌നിക്കോവ് എന്ന സൈനികന്‍ നിര്‍മ്മിച്ചതിനാല്‍ കലാഷ്‌നിക്കോവ് എന്ന പേരിലും അറിയപ്പെടുന്നവയാണ് എ കെ 47 തോക്കുകള്‍. കഴിഞ്ഞ ആറ് ദശകങ്ങളിലായി ലോകത്താകെ 100 ദശലക്ഷത്തിലധികം എ കെ 47 തോക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. നാല്‍പ്പതിലധികം രാജ്യങ്ങളില്‍ സുരക്ഷാ സേനകള്‍ ഈ തോക്ക് ഉപയോഗിക്കുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top