Advertisement

ബലാകോട്ട് വ്യോമാക്രമണം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമർശനങ്ങൾ ചൊരിയുന്നത് സർക്കാർ ഒഴിവാക്കണം; ചിദംബരം

March 4, 2019
Google News 8 minutes Read
Chidamabram

ബലാകോട്ട് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമർശനങ്ങൾ ചൊരിയുന്നത് സർക്കാർ ഒഴിവാക്കണമെന്ന് മുൻ ധനമന്ത്രി പി.ചിദംബരം.

‘അഭിമാനമുള്ള ഒരു പൗരൻ എന്ന നിലയ്ക്ക് സര്‍ക്കാർ പറയുന്നത് വിശ്വസിക്കാൻ ഞാൻ തയ്യാറാണ്. എന്നാല്‍ ലോകം അത് വിശ്വസിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സർക്കാര്‍ നടത്തേണ്ടത് അല്ലാതെ പ്രതിപക്ഷത്തെ വിമർശിക്കലല്ല’.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വ്യോമാക്രമണം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കോൺഗ്രസ് മുതിർന്ന നേതാവിന്റെ വിമർശനങ്ങൾ

‘വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച വിവരം നൽകാന്‍ ഇന്ത്യൻ വ്യോമസേന വൈസ് എയർമാർഷൽ തന്നെ വിസമ്മതിച്ചു. സാധാരണ ജനങ്ങൾക്കോ ഏതെങ്കിലും സൈനികനോ അപകടം ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലും പറയുന്നു. പിന്നെ ആരാണ് 300-350 പേർ കൊല്ലപ്പെട്ടുവെന്ന് കണക്ക് പുറത്ത് വിട്ടത്’.. ചിദംബരം ചോദിക്കുന്നു. ‌

Read More:ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു; ചിദംബരം

വ്യോമസേനയുടെ ഏറ്റവും വലിയ ഒരു നേട്ടത്തിന് അവരെ ആദ്യമായി സല്യൂട്ട് ചെയ്ത് അഭിനന്ദിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി മോദി അത് മറന്നു പോയതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. വ്യോമാക്രണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷനിലപാട് സേനകളുടെ ആത്മവീര്യം കെടുത്തുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാകിസ്താന് യോജിച്ച ഭാഷയിലാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണമെത്തുന്നത്. ‌‌

നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെത്തിയ ഇന്ത്യയുടെ 12 മിറാഷ് ജെറ്റുകൾ അവിടെ ഭീകരത്താവളങ്ങൾ ലക്ഷ്യം വച്ച് ആക്രമണം നടത്തിയിരുന്നു. ബലാക്കോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദിന്റെ താവളങ്ങളിലായിരുന്നു ആക്രമണം നടത്തിയത്. മുന്നൂറോളം പേർ ആക്രമത്തിൽ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

നാൽപ്പത് സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ആയിരുന്നു നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ വ്യോമാക്രണം. എന്നാൽ സർജിക്കൽ സ്ട്രൈക് 2. 0 എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ആക്രമണത്തെച്ചൊല്ലി വിവിധ അവകാശവാദങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷം തെളിവുകൾ ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here