എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം; കേരളത്തില്‍ യുഡിഎഫ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി കേന്ദ്രത്തില്‍ അധികാരെ നേടുമെന്ന് പുതിയ സര്‍വേ ഫലങ്ങള്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ബിജെപി ക്യാമ്പുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് സര്‍വേ ഫലങ്ങള്‍. ഐഎഎൻഎസ് വാർത്താ എജൻസിക്കു വേണ്ടി സീവോട്ടർ ആണു സർവേ നടത്തിയത്. ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാർട്ടികളുടെ സഹായത്തോടെ എൻഡിഎയ്ക്കു സർക്കാർ രൂപീകരിക്കാനാകുമെന്നു സർവേ പ്രവചിക്കുന്നു. നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം നയിക്കുന്ന എൻഡിഎ 300 സീറ്റ് നേടും. 80 സീറ്റുള്ള ഉത്തർപ്രദേശ് തന്നെയാകും കേന്ദ്രത്തിൽ ആരു ഭരിക്കണമെന്നതിൽ നിർണായകമാവുക.
കേരളത്തിൽ യുഎഡിഎഫിനാണു മുൻതൂക്കം. ആകെയുള്ള 20 സീറ്റിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എൽഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതകളൊന്നുമില്ല. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന ബാലാക്കോട്ടിലെ ഭീകരക്യാംപിൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണു ദേശീയാടിസ്ഥാനത്തിലുള്ള സർവേ നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിപക്ഷത്തേക്കാൾ ഒരുപടി മുന്നിലാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടം അനുകൂലമാക്കാൻ അവർക്കു സാധിച്ചേക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. എൻഡിഎ 264, കോൺഗ്രസ് നയിക്കുന്ന യുപിഎ 141, മറ്റുള്ളവർ 138 സീറ്റ് നേടും.
Read More: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍
ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കിൽ എൻഡിഎ 307, യുപിഎ 139, മറ്റുള്ളവർ 97 സീറ്റുകളാണു നേടുക. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് നേടും. മുന്നണിയിലെ മറ്റു പാർട്ടികൾക്ക് 44 സീറ്റും ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം വൈഎസ്ആർ കോൺഗ്രസ്, എംഎൻഎഫ്, ബിജെഡി, ടിആർഎസ് എന്നീ പാർട്ടികളുടെ പിന്തുണ കിട്ടിയാൽ എൻഡിഎയുടെ സീറ്റെണ്ണം 301ൽ എത്തും.
യുപിഎയിൽ കോൺഗ്രസ് 86, മറ്റുള്ളവർ 55 സീറ്റും നേടുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പിനുശേഷം എഐയുഡിഎഫ്, എൽഡിഎഫ്, മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കാനായാൽ യുപിഎ 226 സീറ്റിലേക്ക് ഉയരും. യുപിയിൽ മഹാസഖ്യമുണ്ടെങ്കിൽ ബിജെപിയുടെ സീറ്റുകൾ 71ൽനിന്ന് 29ലേക്കു കൂപ്പുകുത്തും. മഹാസഖ്യമില്ലെങ്കിൽ ബിജെപി 72 സീറ്റു നേടും.
ബിഹാർ–36, ഗുജറാത്ത്–24, കർണാടക– 16, മധ്യപ്രദേശ്– 24, മഹാരാഷ്ട്ര– 36, ഒഡിഷ– 12, രാജസ്ഥാൻ– 20 എന്നിങ്ങനെയാണു വലിയ സംസ്ഥാനങ്ങളിൽ ബിജെപി നേടുമെന്നു പ്രതീക്ഷിക്കുന്ന സീറ്റുകൾ. എൻഡിഎയ്ക്ക് 31.1 ശതമാനം, യുപിഎയ്ക്ക് 30.9 ശതമാനം, മറ്റുള്ളവർക്ക് 28 ശതമാനം എന്നിങ്ങനെയാണു സർവേയിൽ പ്രവചിക്കുന്ന വോട്ടുവിഹിതം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here