Advertisement

വീരേന്ദ്രകുമാറിനും മകനും സ്വാര്‍ത്ഥ താല്‍പ്പര്യം;വടകരയില്‍ മത്സരിക്കുമെന്ന് സലീം മടവൂര്‍

March 12, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ലോക് താന്ത്രിക്  ജനതാദളിന് സീറ്റ് ലഭിക്കാത്തതിനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനെതിരെ എതിര്‍പ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപിച്ച് ലോക് താന്ത്രിക് യുവജനത ദേശീയാധ്യക്ഷന്‍ സലീം മടവൂര്‍. സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി എം പി വീരേന്ദ്രകുമാറും മകനും പാര്‍ട്ടിക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്നും മകന് മത്സരിക്കാന്‍ പറ്റില്ലെങ്കില്‍ പാര്‍ട്ടിക്ക് സീറ്റ് വേണ്ടെന്ന നിലപാടാണ് വീരേന്ദ്രകുമാര്‍ സ്വീകരിച്ചതെന്നും സലീം മടവൂര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. മകന് മത്സരിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന വച്ച നടപടി അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നുവെന്നുമാണ് സലീം മടവൂര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയമുള്ള സുഹൃത്തുക്കളെ,
ഇത്തവണ സോഷ്യലിസ്റ്റുകളുടെ പിന്‍മുറക്കാരായ ജനതാദള്‍ പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ സ്വാര്‍ഥ താല്‍പര്യത്തിന് ശ്രീ എം.പി. വീരേന്ദ്രകുമാറും മകനും പാര്‍ട്ടിക്ക് തോല്‍വി ഉറപ്പുള്ള സീറ്റില്‍ പോലും മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയത് എത്ര ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എല്‍.ഡി.എഫില്‍ നിയമസഭാ സീറ്റ് കിട്ടുമെന്ന വാഗ്ദാനം എന്നെപ്പോലെയുള്ള പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെ മോഹിപ്പിക്കുന്നില്ല. ഇന്ന് പാര്‍ട്ടിക്ക് സീറ്റില്ലെന്ന പച്ചയായ യാഥാര്‍ഥ്യമാണ് എന്റെ മുന്നിലുള്ളത്.
യു.ഡി.എഫില്‍ നിന്നും രാജ്യസഭാ സീറ്റ് കവര്‍ന്നെടുത്ത വീരേന്ദ്രകുമാര്‍ ഇന്നും ആ സ്ഥാനത്ത് തുടരുന്നു. സ്വാഭാവികമായും ഒരു ലോക്‌സഭാ സീറ്റ് ലഭിച്ചാല്‍ മകന് മത്സരിക്കാന്‍ പറ്റില്ല. എങ്കില്‍ പാര്‍ട്ടിക്ക് സീറ്റേ വേണ്ടെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ്. എന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കാം. അത് എന്നെ വേദനിപ്പിക്കുന്നില്ല. പക്ഷേ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അരങ്ങില്‍ ശ്രീധരന്‍,പി.വിശ്വംഭരന്‍, കെ.ചന്ദ്രശേഖരന്‍, പി.ആര്‍ കുറുപ്പ് തുടങ്ങിയവര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ നിശബ്ദ കാഴ്ചക്കാരനായിരിക്കാന്‍ കഴിയില്ല. ഇവരില്‍ പി.വിശ്വംഭരനും ചന്ദ്രശേഖരനും വിവാഹം പോലും വേണ്ടെന്ന് വെച്ചാണ് പ്രവര്‍ത്തിച്ചത്.
ശ്രീ വീരേന്ദ്രകുമാര്‍ അനാവശ്യമായി ലാവലിന്‍ കേസ് വി.എസ് അച്ചുതാനന്ദനുമായി ചേര്‍ന്ന് കുത്തിപ്പൊക്കിയതിനെ തുടര്‍ന്ന് നേരത്തെ എല്‍.ഡി.എഫില്‍ സീറ്റ് നഷ്ടപ്പെടുത്തി. ഇപ്പോള്‍ മകന് മത്സരിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് സീറ്റേ വേണ്ടെന്ന് വെച്ചിരിക്കുന്നു.
ഇതംഗീകരിക്കാന്‍ പ്രയാസമുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ മനസ്സാക്ഷിക്കു വിരുദ്ധമായി മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. എന്നെ സ്‌നേഹിക്കുന്ന എല്‍.ഡി.എഫ് നേതാക്കള്‍ ക്ഷമിക്കുക.
വടകര ലോകസഭാ നിയോജക മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള എന്റെ തീരുമാനം ഞാന്‍ പ്രഖ്യാപിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ സീറ്റ് ലഭിക്കാതിരുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവു കേടാണെന്ന് ആരോപിച്ച് എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ രംഗത്തു വന്നിരുന്നു. മുന്നണി മാറുമ്പോള്‍ ഉറപ്പു കിട്ടിയ വടകര സീറ്റ് ചോദിച്ചു മേടിക്കുന്നതില്‍ ശ്രേയാംസ് കുമാര്‍ അടക്കമുള്ള എല്‍ജെഡി നേതൃത്വം പരാജയപ്പെട്ടെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here