Advertisement

ശ്രേയയുടെ ‘ഡ്രീം ക്യാച്ച്’ ചെയ്യാന്‍ ഇനി ഒരു കടമ്പകൂടി

March 13, 2019
Google News 1 minute Read
dream catcher

ഡ്രീം ക്യാച്ചര്‍, പേര് പലര്‍ക്കും സുപരിചിതമാകണമെന്നില്ല. ചിത്രം കണ്ടാല്‍ മനസിലായേക്കും. ഒറ്റനോട്ടത്തില്‍  ഒരു വളയത്തിനുള്ളില്‍ നൂലു മെടഞ്ഞ് അറ്റത്ത് വര്‍ണ്ണാഭമായ തൂവലുകള്‍ കൊരുത്തിട്ട സുന്ദരന്‍ സാധനം. എന്നാല്‍ ഇത് ചില്ലറക്കാരനല്ല.

നോര്‍ത്ത് അമേരിക്കയിലെ ഒജിബവ വംശജര്‍ക്കിടയിടയില്‍ നിന്നാണ് ഡ്രീം ക്യാച്ചറിന്റെ വരവ്. ഉറങ്ങിക്കിടക്കുമ്പോള്‍ നല്ല സ്വപ്നങ്ങള്‍ മാത്രം ‘ക്യാച്ച്’ ചെയ്യാനാണ് അവര്‍ക്ക് ഡ്രീം ക്യാച്ചര്‍. നമുക്കിത് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ പറ്റിയ ഒരു ഐറ്റമാണ്. കോഴിക്കോട് സ്വദേശിയായ ശ്രേയയ്ക്ക് ആദ്യം ഒരു പരീക്ഷണമായിരുന്നു. ഡ്രീം ക്യാച്ചര്‍ എന്ന പേര് കേട്ടപ്പോള്‍  തോന്നിയ കൗതുകം കാരണം യുട്യൂബില്‍ തപ്പിയ ശ്രേയയ്ക്ക് മുന്നില്‍ വന്ന ‘സ്വപ്നങ്ങളുടെ ലോകം’ ശ്രേയയെ ഡ്രീം ക്യാച്ചറുകളുടെ ആരാധികയാക്കി.

ആ ഡ്രീം ഇന്ന് ശ്രേയയെ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ ഉണ്ടാക്കിയ വ്യക്തി എന്ന സ്വപ്നസമാനമായ പദവിയില്‍ എത്തിക്കുകയും ചെയ്തു. 1. 8 മീറ്ററുള്ള ഡ്രീം ക്യാച്ചറാണ് ശ്രേയ നിര്‍മ്മിച്ചത്. ജിഐ പൈപ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. മുപ്പത് മീറ്റര്‍ നീളമുള്ള നൂലും ഉപയോഗിച്ചു. ഒന്നേകാല്‍ മണിക്കൂറ് കൊണ്ടായിരുന്നു നിര്‍മ്മാണം.

എന്‍ഐടിയില്‍ നിന്ന് എംഎസ്എസി കണക്ക് പഠിച്ച ശ്രേയയുടെ അടുത്ത കണക്ക് കൂട്ടല്‍ ഡ്രീം ക്യാച്ചര്‍ കൊണ്ട് ഗിന്നസ് ലോക റെക്കോര്‍ഡ് കയറുക എന്നതാണ്. രണ്ടര ലക്ഷം രൂപയാണ് ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടത്. 10.14 മീറ്ററില്‍ വലുപ്പം ഉള്ള ഡ്രീം ക്യാച്ചറാണ് നിലവിലുള്ള റെക്കോര്‍ഡ്. ഇത് മറികടക്കാനാകുമെന്ന് ഉറച്ച വിശ്വാസം ശ്രേയയ്ക്ക് ഉണ്ട്. അടുത്ത ആറ് മാസത്തെ ശ്രേയയുടെ ഡ്രീം ക്യാച്ചറുകളുടെ വില്‍പ്പന ഈ നേട്ടത്തിനായുള്ള ധനസമാഹരണത്തിനാണ്. ബാക്കി തുകയ്ക്ക് ഏതെങ്കിലും സ്പോണ്‍സര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ശ്രേയയും ഭര്‍ത്താവ് ദീപകും.

ഡ്രീം ക്യാച്ചറിന്റെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കരകൗശല ക്യാമ്പുകള്‍ നടത്താനും ശ്രേയ നീക്കിവയ്ക്കുന്നുണ്ട്. ക്യാമ്പുകളില്‍ സീഡ് പേനകളുടെ നിര്‍മ്മാണ രീതി പഠിപ്പിക്കുന്നുമുണ്ട് ശ്രേയ. ഇനി മുന്നോട്ടുള്ള എല്ലാ നീക്കത്തിന് ‘മുന്നിലും’ ആ വലിയ ലക്ഷ്യമാണ്. പണത്തെ മുന്നില്‍ കണ്ടല്ല താന്‍ ഡ്രീം ക്യാച്ചറുകള്‍ നിര്‍മ്മിക്കുന്നതെന്നും താന്‍ നിര്‍മ്മിക്കുന്ന ഓരോ ഡ്രീം ക്യാച്ചറുകളും വിറ്റ് പോകുമ്പോള്‍ വിഷമമാണെന്ന് ശ്രേയ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍, ആ സ്വപ്നത്തെ ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിലാണ് ശ്രേയ.

ശ്രേയയുടെ ഡ്രീം ക്യാച്ചറുകള്‍ ഇവിടെ കാണാം: http://www.scraftz.com/

സ്ക്രാഫ്റ്റ്സ് എന്ന പേരില്‍ യുട്യൂബ് ചാനലും ശ്രേയ തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here