‘വരുന്ന തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല’: സാക്ഷി മഹാരാജ്

Sakshi maharaj

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

എല്ലാവരും വോട്ടു ചെയ്യാന്‍ മുന്നോട്ടുവരണമെന്നാണ് തനിക്ക് പറയാനുള്ളത്. കാരണം 2024ല്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ല. രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി പറഞ്ഞു.

അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്നു യുപിയിലെ ബിജെപി നേതാവ് പറഞ്ഞു. തോന്നിയ നേരത്ത് അദ്ദേഹത്തിന് തോന്നിയത് പറയാം. പിന്നീട് അതില്‍ നിന്ന് പിന്മാറാം. അദ്ദേഹം പറയുന്നത് തങ്ങള്‍ കാര്യമാക്കാറില്ലെന്നും നേതാവ് പറഞ്ഞു.

തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഉന്നാവോയില്‍ നിന്നും വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ക്യാമ്പയിന്‍ ചെയ്യുമെന്ന് സാക്ഷി പിന്നീട് തിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top