ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് ജീവന് ഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലിസി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്ന് കേസിലെ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേല്‍. മൊഴി മാറ്റാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്. മൂവാറ്റുപുഴയിലെ മഠത്തിലേത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ ഇരയ്ക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിന്റെ പേരില്‍ വേട്ടയാടല്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറയുന്നു.

Read Also: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ നീന റോസിനെതിരെ അച്ചടക്ക നടപടി

ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് ശേഷം കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വരുന്നത്. മഠത്തിനുള്ളില്‍ തടങ്കല്‍ ജീവിതമാണ് നയിക്കേണ്ടി വന്നത്. ജീവനില്‍ പേടിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറഞ്ഞു.മഠത്തിനുള്ളില്‍ തന്നെ ഒറ്റപ്പെടുത്തുന്നതിന് സഭാ നേതൃത്വം തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ചു. വിജയവാഡയിലേക്ക് സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായിരുന്നു.

വിജയവാഡയില്‍ നിന്ന് കേരളത്തിലേക്ക് പോന്നത് മരണഭയത്താലാണെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറയുന്നു. നേരത്തെ മഠം അധികൃതര്‍ തടങ്കലിലാക്കിയെന്ന പരാതിയെത്തുടര്‍ന്ന് സിസ്റ്റര്‍ ലിസിയെ മൂവാറ്റുപുഴ പൊലീസെത്തി വീട്ടിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മൂവാറ്റുപുഴ ജീവജ്യോതി മഠം അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top