മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുന്‍ പിഎസ്‌സി ചെയര്‍മാന്‍  കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പി യില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണ് താന്‍ ബിജെപിയിലേക്ക് വരാന്‍ കാരണമെന്നും കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യവും നേതൃത്വമില്ലായ്മയുമാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനു ശേഷം താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമായിരുന്നില്ല. കോണ്‍ഗ്രസിന്റെ സഹയാത്രികന്‍ മാത്രമായിരുന്നു. ഇന്ത്യക്ക് നരേന്ദ്രമോദി നല്‍കിക്കൊണ്ടിരിക്കുന്ന നേതൃത്വ മഹത്വമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്.

Read Also: വരവും പോക്കും തുടരുന്നു; അസമില്‍ ബിജെപി എം പി പാര്‍ട്ടി വിട്ടു

പ്രധാനമന്ത്രി നടപ്പാക്കിയ വിവിധ പദ്ധതികള്‍ തന്നെപ്പോലുള്ളവര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ ശക്തമായ നേതൃത്വമില്ലാത്ത അവസ്ഥയാണുള്ളത്.  താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുടേതാണ്. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കെ എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ് തുടങ്ങിയവരും കെ എസ് രാധാകൃഷ്ണനോടൊപ്പമുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ കെ എസ് രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെ എസ് രാധാകൃഷ്ണന്‍ നേരത്തെ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ടോം വടക്കന്റെ പ്രതികരണം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top