Advertisement

‘കൊലയാളി’ പരാമര്‍ശം; കെ കെ രമയ്‌ക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

March 19, 2019
Google News 1 minute Read
p jayarajan k k rama

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

Read Also; വടകരയില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി; ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് പിന്തുണ

ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രമ നടത്തിയ പ്രസ്താവന ജയരാജനെ അപമാനിക്കുന്നതാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഈ തെരഞ്ഞെടുപ്പോടെ ആര്‍എംപി യുടെ അന്ത്യമെന്ന് പി ജയരാജന്‍

വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച് ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ നേരത്തെ വക്കീല്‍നോട്ടീസയച്ചിരുന്നു.ആര്‍എംപി നേതാക്കളായ കെ കെ രമ, എന്‍ വേണു, പി കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് അഡ്വ കെ വിശ്വന്‍ മുഖേന ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചത്. തിങ്കളാഴ്ച കോഴിക്കോട് ആര്‍എംപി യോഗത്തിനു ശേഷം പത്ര-ദൃശ്യമാധ്യമങ്ങളോട് സംസാരിക്കവേ പി ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചെന്നു കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണിതെന്നും ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here