സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് പ്രവര്‍ത്തകരെ നിരാശരാക്കുമെന്ന് പി പി മുകുന്ദന്‍

P P MUKUNDAN

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍. കേരളത്തില്‍ ബിജെപിക്ക് നല്ല വിജയ സാധ്യതയുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് പ്രവര്‍ത്തകരെ നിരാശരാക്കും. മണ്ഡലങ്ങള്‍ക്കു വേണ്ടി നേതാക്കള്‍ വാശി പിടിക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി പി മുകുന്ദന്‍ പറഞ്ഞു.പ്രവര്‍ത്തകരുടെ വികാരം കൂടി നേതൃത്വം കണക്കിലെടുക്കണമായിരുന്നു.പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും ഇന്നെങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക വന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പി പി മുകുന്ദന്‍ വ്യക്തമാക്കി.

Read Also; പത്തനംതിട്ടയില്‍ ‘വഴിമുട്ടി’ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ നേരത്തെ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്നും സമൂഹമാധ്യമങ്ങളിലടക്കം വിവാദങ്ങള്‍ക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപിയെ അറിയിച്ചു. ശബരിമല ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീട്ടിക്കൊണ്ട് പോയതാണ് ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

Read Also; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

ജനസ്വാധീനമുള്ള നേതാക്കളുണ്ടായിട്ടും അവര്‍ക്ക് സീറ്റ് നിശ്ചയിച്ച് നല്‍കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണെന്ന തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് ഇത് വഴിവച്ചെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആരോപിച്ചു.പത്തനംതിട്ട സീറ്റിന്റെ കാര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ശബരിമല സമരത്തിന്റെ ഈറ്റില്ലമെന്ന നിലയില്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങേണ്ടത് ഇവിടെയായിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മറ്റുള്ളവര്‍ സജീവമായിട്ടും കാഴ്ചക്കാരാകേണ്ട അവസ്ഥയിലാണ് പ്രവര്‍ത്തകരെന്നും ആര്‍എസ്എസ് ആക്ഷേപം ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top