‘സോഷ്യല്‍ ഓഡിറ്റിങിന് തയ്യാര്‍; ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും’: ജാസ്മിന്‍ ഷാ

യുണൈറ്റഡ് നഴ്‌സസ് അസോയിയേഷനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ. സോഷ്യല്‍ ഓഡിറ്റിങിന് തങ്ങള്‍ തയ്യാറാണ്. ഭാരവാഹിത്വത്തില്‍ നിന്നും മാറിനിന്ന് അന്വേഷണത്തോട് സഹകരിക്കാമെന്ന നിലപാട് സംഘടന ചുമതലയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് യുഎന്‍എ അംഗങ്ങള്‍ സ്വീകരിച്ച നിലപാട്. യുഎന്‍എ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ജാസ്മിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക ക്രമക്കെടുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ജാസ്മിന്‍ ഷാ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇനി മുതല്‍ മുഴുവന്‍ കണക്കുകളും പുറത്തുവിടുമെന്നും ജാസ്മിന്‍ പറഞ്ഞു. യുഎന്‍എ അംഗങ്ങള്‍ ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി മാനേജുമെന്റിന്റെ ഭാഗത്തു നിന്നും ഉള്‍പ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഏറ്റവും അധികം ആരോപണം ഉന്നയിച്ചത് കെജിഎന്‍എ (കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് കെഎന്‍എംസിയില്‍ പണം നല്‍കിയെന്ന ആരോപണം അവര്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമാണ് അവര്‍ തീര്‍ത്തത്. 30 വര്‍ഷത്തെ ഭരണം അവസാനിച്ചതിന്റെ വേദനയാണവര്‍ക്കെന്നും ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

Read more: യു.എന്‍.എ യില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി

യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയോളം രൂപ വഴി വിട്ട് ചെലവഴിച്ചെന്നാണ് വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിന്റെ ആരോപണം. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സിബി പുറത്തുവിട്ടിരുന്നു. അംഗത്വ ഫീസായി പിരിച്ച 68 ലക്ഷം രൂപയും പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച ലക്ഷങ്ങളും വഴിവിട്ട് ചെലവഴിച്ചെന്നും പരാതിയിയിലുണ്ട്.

സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ പല തവണകളായി കൈപ്പറ്റിയെന്നതടക്കമുള്ള സിബിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ പരാതിക്കാരനായ സിബി യോഗത്തില്‍ പങ്കെടുത്തില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top