തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികള്‍ ഉണ്ടോ, അറിയിക്കാം സി വിജിലിലൂടെ…

vigil

ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ് ഇലക്ഷന്‍ സംബന്ധിച്ച പരാതികള്‍ ബോധിപ്പിക്കാന്‍ ആപ്പ് ഉണ്ടെന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ പരാതികളും ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തരം പരാതികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ C-വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം.
ReadAlso: എന്‍റെ ഓഫീസില്‍ വന്ന് ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ബിജെപി നേതാക്കളോട് ടിക്കാറാം മീണ
ഈ ആപ്പു വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു. ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി C വിജിൽ ആപ്പു വഴി ജില്ലാ തിരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പു വഴി അയക്കാൻ സാധിക്കുകയുള്ളു. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജമായ പരാതികൾ ഒഴിവാക്കാൻ സാധിക്കും. ചട്ടലംഘനം എന്ന പേരിൽ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങൾ നിജസ്ഥിതി അറിയാതെ ആപ്പു വഴി അയക്കുന്നത് തടയാനാണ് സ്വന്തം ഫോൺ ക്യാമറ വഴി എടുത്ത ചിത്രങ്ങൾക്ക് മാത്രമായി ആപ്പ് നിജപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന‌ു നേരിട്ടു ബോധ്യമായ പരാതി മാത്രമേ അയയ്ക്കാൻ കഴിയു എന്നു ചുരുക്കം.

ReadAlso: ശബരിമല; ടിക്കാറാം മീണയ്ക്കെതിരെ ബിജെപി നേതാവിന്റെ പരാതി

തുടർച്ചയായി 5 മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവർത്തിക്കുകയുള്ളു. 5 മിനിറ്റു കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി 5 മിനിറ്റിൽ ഒതുക്കി പകർത്തി അയയ്ക്കേണ്ടി വരും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണ ഘട്ടത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപം നൽകിയിട്ടുണ്ട്. നവാഗത വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ 1950 എന്ന സൗജന്യ ടോള്‍ ഫ്രീ നമ്പറാണ് അതിലൊന്ന്.

വിവിപാറ്റ് മിഷ്യന്‍ ഉപയോഗിച്ചാണ് ഇത്തവണ രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് നടക്കുക. വോട്ടിംഗ് മിഷ്യനില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഇത്തവണത്തെ പ്രത്യേകതയാണ്. കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23ന‌ാണ് തെരഞ്ഞെടുപ്പ‌് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായി നടക്കും. ഏഴു ഘട്ടങ്ങളായിട്ടാണ് രാജ്യത്ത് തെരഞ്ഞടുപ്പ് . ഒന്നാം ഘട്ടം ഏപ്രിൽ 11 നും, രണ്ടാം ഘട്ടം ഏപ്രിൽ 18ന‌് , മൂന്നാം ഘട്ടം ഏപ്രിൽ 23ന‌് , നാലാം ഘട്ടം 29ന‌് , അഞ്ചാം ഘട്ടം മെയ് 6ന‌് , ആറാം ഘട്ടം മെയ് 12 നു , ഏഴാം ഘട്ടം 19ന് എന്നിങ്ങനെ നടക്കും. വോട്ടെണ്ണൽ മെയ് 23ന‌ാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top