കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജരേഖയെന്ന് ബിജെപി; കയ്യക്ഷരവും കയ്യൊപ്പും യെദ്യൂരപ്പയുടേതല്ല

ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി ബിജെപി. കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജരേഖകളെന്ന് ബിജെപി ആരോപിച്ചു. ഡയറി പകര്‍പ്പിലെ കയ്യക്ഷരവും കയ്യൊപ്പും യെദ്യൂരപ്പയുടേതല്ലെന്നും ബിജെപി പറയുന്നു. അതേസമയം, ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി വാര്‍ത്ത പുറത്തുവിട്ട കാരവന്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു.

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന ആരോപണമായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ചത്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Read more:കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറി പകര്‍പ്പ് പുറത്ത്

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരിക്കും അരുണ്‍ ജെറ്റ്‌ലിക്കും 150 കോടി വീതം നല്‍കിയെന്ന് യെദ്യൂരപ്പയുടെ ഡയറി ഉദ്ധരിച്ച് കാരവന്‍ റിപ്പോര്‍ട്ട് ചെയ്തു. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടിയാണ് നല്‍കിയത്. രാജ്‌നാഥ് സിങ്ങിന് 100 കോടിയും നല്‍കി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയില്‍ വ്യക്തമാക്കുന്നതായി കാരവന്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കിയതായും കാരവന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ പണം നല്‍കിയ തീയതിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2009 ജനുവരി 17ന് പണം നല്‍കിയതായിട്ടാണ് കാരവന്‍ പറയുന്നത്. ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18നാണ്. വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയിലാണ് യെദ്യൂരപ്പ രേഖപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top