അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസ്; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ എന്‍ഫോഴ്സമെന്‍ഡ് ഡയറക്ടറേറ്റിന് നോട്ടീസ്

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ എന്‍ഫോഴ്സമെന്‍ഡ് ഡയറക്ടറേറ്റിന് പട്യാല ഹൗസ് പ്രത്യേക കോടതിയുടെ നോട്ടീസ്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ കേടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ ഏതാനും ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിൽ യുപി അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുറ്റപത്രം കോടതി അംഗീകരിക്കും മുമ്പാണ് മധ്യമങ്ങളില്‍ ഇത് വന്നത്.
കോടതി പരിഗണിക്കും മുമ്പ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് മിഷേലിന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. അതേസമയം കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ട് ചോര്‍ത്തി നല്‍കിയത് ബിജെപിയുടെ തരം താണ രാഷ്ട്രീയക്കളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here