ഐസ്‌ക്രീം പാർലർ കേസ് പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

ഐസ്ക്രീം പാര്‍ലര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് പിന്‍മാറിയത്. വിഎസ് നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം. പിന്‍മാറ്റം എന്തിനെന്ന് വ്യക്തമല്ല. നേരത്തെ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാര്‍ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണെന്നും ഇനി വേറെ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ അന്ന് വ്യക്തമാക്കുകയുണ്ടായി.
കേസിൽ നിന്ന് പിന്മാറുന്നതിൻറെ കാരണങ്ങൾ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടില്ല. വി.എസിൻറെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താൻ കേസിൽ നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയിൽ അറിയിച്ചത്.
Read Also : ഐസ്‌ക്രീം പാർലർ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ
ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ കേസിൻറെ ഫയലുകൾ ചീഫ് ജസ്റ്റിസിൻറെ മുമ്പിലെത്തും. ഏത് ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
1997ലാണ് കോഴിക്കോട് ബീച്ചിലുള്ള ഒരു ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിനായി പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നതിനുള്ള ഒരു മറയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നത്. അന്വേഷി എന്ന എൻ.ജി.ഒ. ആണ് കേസിലെ ആദ്യ പരാതി നൽകിയത്. കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ/ഐടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here